കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാർ (CUSMA) അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസം 29-ന് പ്രീമിയർമാരുമായി കൂടിക്കാഴ്ച നടത്തും. ജൂലൈ ഒന്നിനകം പൂർത്തിയാക്കേണ്ട കരാർ പുതുക്കലുമായി ബന്ധപ്പെട്ട് പ്രവിശ്യകളുടെ പൊതുവായ നിലപാട് രൂപീകരിക്കുകയാണ് ഓട്ടവയിൽ നടക്കുന്ന ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം. സ്റ്റീൽ, അലുമിനിയം മേഖലകളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന നികുതികളിൽ ഉടൻ ഇളവ് ലഭിക്കാൻ സാധ്യതയില്ലെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ച പശ്ചാത്തലത്തിൽ, പ്രീമിയർമാരുമായുള്ള ചർച്ച ഏറെ പ്രാധാന്യമർഹിക്കുന്നു.
അമേരിക്കൻ മദ്യത്തിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുക, ഡയറി മേഖലയിലെ ക്വാട്ട സമ്പ്രദായം മാറ്റുക തുടങ്ങിയ കടുത്ത നിബന്ധനകളാണ് ട്രംപ് ഭരണകൂടം കരാർ നീട്ടുന്നതിനായി മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനിടെ ചൈനയുൾപ്പെടെയുള്ള പുതിയ വിപണികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് കാനഡ. പ്രധാനമന്ത്രിയുടെ ചൈന സന്ദർശനത്തിന് തൊട്ടുപിന്നാലെ നടക്കുന്ന ഈ യോഗത്തിന് മുന്നോടിയായി, രാജ്യത്തെ 13 പ്രീമിയർമാരും പ്രത്യേകം കൂടിക്കാഴ്ച നടത്തി തങ്ങളുടെ ആവശ്യങ്ങൾ ക്രോഡീകരിക്കും.







