ബെല്‍ജിയത്തിലെ ബൂമില്‍ നടന്ന ടുമാറോലാന്‍ഡ് മ്യൂസിക്ക് ഫെസ്റ്റിവലിനിടെ 35 വയസ്സുള്ള കനേഡിയന്‍ യുവതി മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെ യുവതിക്ക് സുഖമില്ലാതാവുകയും ആശുപത്രയില്‍ പ്രവേശിപ്പിച്ചതായും ടുമാറോലാന്‍ഡ് വക്താവ് ഡെബ്ബി വില്‍ംസെന്‍ പറഞ്ഞു. എന്നാല്‍ ശനിയാഴ്ച രാവിലെ യുവതി മരിച്ചതായി ഫെസ്റ്റിവല്‍ സംഘാടകരെ അറിയിച്ചതായി ഡെബ്ബി വില്‍ംസെന്‍ വ്യക്തമാക്കി.
മരണകാരണം ആന്റ്വെര്‍പ്പ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷിച്ചുവരികയാണെന്ന് വില്‍ംസെന്‍ പറയുന്നു. യുവതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആന്റ്വെര്‍പ്പ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. ബെല്‍ജിയത്തില്‍ കനേഡിയന്‍ യുവതി മരിച്ചതായി ഗ്ലോബല്‍ അഫയേഴ്സ് കാനഡ സ്ഥിരീകരിച്ചു. പ്രാദേശിക അധികാരികളുമായി വകുപ്പ് ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഗ്ലോബല്‍ അഫയേഴ്സ് കാനഡ വക്താവ് സബ്രീന വില്യംസ് പറഞ്ഞു.