ജൂലൈ 16 മുതൽ 27 വരെ മോൺട്രിയലിൽ നടക്കുന്ന ‘ജസ്റ്റ് ഫോർ ലോഫ്‌സ്’ ഫെസ്റ്റിവലിന് ഫണ്ട് അനുവദിച്ച് കാനഡ സർക്കാർ. വ്യവസായ മന്ത്രി മെലനി ജോളി, കനേഡിയൻ ഐഡൻ്റിറ്റി ആൻഡ് കൾച്ചർ മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് എന്നിവരാണ് 18.59 ലക്ഷം ഡോളറിന്റെ ഫണ്ടിങ് പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കോമഡി ഫെസ്റ്റിവലുകളിൽ ഒന്നായ ‘ജസ്റ്റ് ഫോർ ലോഫ്‌സ്’ ഫെസ്റ്റിവലിൽ സ്റ്റാൻഡ്-അപ്പ് കോമഡി ഷോകൾ, സ്കെച്ച് കോമഡി, തെരുവ് പ്രകടനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കോമഡി ഷോകൾ അരങ്ങേറും. ലോകമെമ്പാടുമുള്ള ഹാസ്യനടന്മാരും, അഭിനേതാക്കളും, കലാകാരന്മാരും അണിനിരക്കുന്ന ഫെസ്റ്റിവലിന് ഫെഡറൽ ഫണ്ടിങ് മാറ്റ് കൂട്ടും.
2025, 2026 വർഷങ്ങളിലെ ഫെസ്റ്റിവലിൻ്റെ പ്രചാരണത്തിനും പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും കാനഡ ഇക്കണോമിക് ഡെവലപ്മെന്റ് ഫോർ ക്യൂബെക്ക് റീജിയൻസ് (CED) 13.59 ലക്ഷം ഡോളർ ധനസഹായം നൽകും. 2025-ലെ ഫെസ്റ്റിവലിനായി കാനഡ ആർട്സ് പ്രസൻ്റേഷൻ ഫണ്ടിലൂടെ കനേഡിയൻ ഹെറിറ്റേജ് വിഭാഗം 5 ലക്ഷം ഡോളറും നൽകും.