പട്ടിണി മരണങ്ങള്‍ അനുദിനം വര്‍ധിക്കുന്ന ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ അയച്ച് കനേഡിയന്‍ ചാരിറ്റി സംഘടനായ ഹ്യൂമന്‍ കണ്‍സേണ്‍ ഇന്റര്‍നാഷണല്‍ (എച്ച്‌സിഐ). പയര്‍, അരി തുടങ്ങിയ പാചകത്തിന് ആവശ്യമുള്ള ഭക്ഷണം എത്തിക്കാന്‍ മാത്രമേ സംഘത്തിന് അനുമതിയുള്ളുവെന്നും ബേബി ഫോര്‍മുല പോലുള്ളവയ്ക്ക് പ്രവേശനാനുമതി ഇല്ലെന്നും സംഘടന പറയുന്നു. മാര്‍ച്ചില്‍ ഇസ്രയേല്‍ പുറത്തുനിന്നുള്ള എല്ലാ സഹായങ്ങളും തടഞ്ഞ് സ്വന്തമായി വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പ് എച്ച്‌സിഐ പതിവായി ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകള്‍ അയച്ചിരുന്നു. രണ്ടുമാസത്തിന് ശേഷം വീണ്ടും ഭക്ഷ്യവസ്തുക്കളുടെ വിതരണം ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എച്ച്‌സിഐ പറയുന്നു.
വ്യാഴാഴ്ച ഗാസയിലേക്ക് പ്രവേശിക്കേണ്ടിയിരുന്ന രണ്ട് ചാക്ക് ഭക്ഷ്യവസ്തുക്കള്‍ നിറച്ച ട്രക്കുകള്‍ സംഘടന തയ്യാറാക്കിയിരുന്നു. എന്നാല്‍ സഹായ ട്രക്കുകള്‍ക്കടുത്തേക്ക് പലസ്തീനികള്‍ കൂട്ടത്തോടെ എത്തുമെന്ന സുരക്ഷാ ആശങ്കകള്‍ കാരണം സംഘടന പദ്ധതികള്‍ മാറ്റുകയായിരുന്നു.