അടുത്ത 50 വർഷത്തിനുള്ളിൽ കാനഡയിൽ വൻ ജനസംഖ്യാ വർധന ഉണ്ടാകുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. 2025 മുതൽ 2075 വരെയുള്ള കാലയളവിൽ നിലവിൽ 4.17 കോടിയുള്ള രാജ്യത്തെ ജനസംഖ്യ 75.8 ദശലക്ഷമായി കുതിച്ചുയരും. ജനസംഖ്യാ വളർച്ച മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിലായിരിക്കുമെന്നും ഫെഡറൽ ഏജൻസി പറയുന്നു. വളർച്ചാ നിരക്ക് ഇടത്തരമാണെങ്കിൽ 2075-ൽ ജനസംഖ്യ 57.4 ദശലക്ഷമായും, വളർച്ചാ നിരക്ക് കുറഞ്ഞ സാഹചര്യമാണെങ്കിൽ അത് 44 ദശലക്ഷമായും വർധിക്കും. അതേസമയം ഉയർന്ന വളർച്ചാ നിരക്കാണെങ്കിൽ ഇത് 75.8 ദശലക്ഷം ആകുമെന്നാണ് ഫെഡറൽ ഏജൻസി പ്രവചിക്കുന്നു.
ഭാവിയിൽ ഒൻ്റാരിയോയും ക്യുബെക്കും തന്നെയാകും ജനസംഖ്യാ വളർച്ചയിൽ മുൻപന്തിയിൽ നിൽക്കുക. എന്നാൽ, പടിഞ്ഞാറൻ പ്രവിശ്യകളായ ആൽബർട്ട, മാനിറ്റോബ, സാസ്കാച്ചവൻ എന്നിവ രാജ്യത്തിന്റെ മൊത്തം ജനസംഖ്യാ വളർച്ചയിൽ വലിയ പങ്കാളിത്തം വഹിക്കും. ഇതിൽ ആൽബർട്ട ജനസംഖ്യയുടെ കാര്യത്തിൽ ബ്രിട്ടീഷ് കൊളംബിയയെ മറികടക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം നോവ സ്കോഷ്യ, ന്യൂഫൗണ്ട്ലാൻഡ് തുടങ്ങിയ ചെറിയ പ്രവിശ്യകളുടെ വിഹിതം കുറയാനാണ് സാധ്യത.







