ഫ്രെഡറിക്ടൺ (ന്യൂ ബ്രൺസ്വിക്): കാനഡയിലെ ന്യൂ ബ്രൺസ്വിക് പ്രവിശ്യ തങ്ങളുടെ ഇമിഗ്രേഷൻ പ്രോഗ്രാമുകളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പ്രവിശ്യയുടെ സാമ്പത്തിക ആവശ്യങ്ങൾ മുൻനിർത്തി ചില തൊഴിൽ മേഖലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും മറ്റു ചിലതിന് മുൻഗണന നൽകുകയും ചെയ്യുന്നതാണ് പുതിയ പരിഷ്കാരം. ഫെബ്രുവരി മൂന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.
ഹോട്ടൽ, ഭക്ഷണ മേഖലയ്ക്ക് തിരിച്ചടി ന്യൂ ബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NBPNP), അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നിവ വഴി ഹോട്ടൽ, അക്കോമഡേഷൻ, ഫുഡ് സർവീസസ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി മുതൽ അപേക്ഷിക്കാൻ സാധിക്കില്ല. റെസ്റ്റോറന്റ് മാനേജർമാർ, ഷെഫുമാർ, കുക്കുമാർ, സർവർമാർ, ഹോട്ടൽ ഫ്രണ്ട് ഡെസ്ക് ക്ലാർക്കുമാർ തുടങ്ങിയവർക്ക് ഈ നിയന്ത്രണം ബാധകമാണ്.
ലിസ്റ്റിൽ നിന്ന് പുറത്തായ മറ്റു തൊഴിലുകൾ മേഖല ഏതായാലും ഇനി പറയുന്ന തൊഴിലുകളിൽ ഉള്ളവർക്ക് പുതിയ ഇമിഗ്രേഷൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയില്ല:
- ക്യാഷ്യർമാർ (Cashiers)
- റീട്ടെയിൽ സെയിൽസ് സൂപ്പർവൈസർമാർ
- മീറ്റ് കട്ടർമാർ, ബ്രെഡ് ബേക്കർമാർ
- സ്റ്റോർ ഷെൽഫ് സ്റ്റോക്കർമാർ
- സർവീസ് സ്റ്റേഷൻ അറ്റൻഡന്റുകൾ
- ഷിപ്പർമാർ, റിസീവർമാർ
മുൻഗണന ഈ മേഖലകൾക്ക് മാത്രം വിദേശങ്ങളിൽ നിന്ന് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഇനി പറയുന്ന മൂന്ന് മേഖലകളിൽ ജോലി ഉണ്ടെങ്കിൽ മാത്രമേ മുൻഗണന ലഭിക്കൂ:
- ആരോഗ്യ മേഖല (Healthcare)
- വിദ്യാഭ്യാസ മേഖല (Education)
- നിർമ്മാണ മേഖല (Construction trades)
വിദ്യാർത്ഥികൾക്ക് ആശ്വാസം ‘പ്രൈവറ്റ് കരിയർ കോളേജ് ഗ്രാജുവേറ്റ് പൈലറ്റ്’ പ്രോഗ്രാം 2026 അവസാനം വരെ നീട്ടിയിട്ടുണ്ട്. ഇത് നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ്. പ്രത്യേകിച്ച് നഴ്‌സിംഗ്, സോഷ്യൽ വർക്ക്, പാരാമെഡിക് തുടങ്ങിയ കോഴ്സുകൾ ചെയ്യുന്നവർക്ക് പ്രയോജനം ലഭിക്കും.
പുതിയ ‘കാൻഡിഡേറ്റ് പൂൾ’ സംവിധാനം അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിന് കീഴിൽ ഇനി മുതൽ ‘കാൻഡിഡേറ്റ് പൂൾ’ (Candidate Pool) സംവിധാനമായിരിക്കും നിലവിൽ വരിക. കൂടാതെ, പുതിയ തൊഴിലുടമകൾക്ക് പ്രോഗ്രാമിൽ അംഗമാകാനുള്ള അനുമതി (Employer Designation) താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിലുള്ള സ്ഥാപനങ്ങളെ പുനർമൂല്യനിർണ്ണയം നടത്തുന്നതിനായാണ് ഈ നടപടി.







