ഓട്ടവ: 2035ടെ കാനഡയിൽ വില്ക്കപ്പെടുന്ന എല്ലാ വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാക്കുക എന്ന ഫെഡറൽ സർക്കാരിൻ്റെ ലക്ഷ്യം അപ്രായോഗികമെന്ന് പുതിയ സർവ്വെ. ഈ നിയമം റദ്ദാക്കണമെന്ന് ഭൂരിപക്ഷം കനേഡിയൻമാരും ആഗ്രഹിക്കുന്നതായി പുതിയ സർവേ സൂചിപ്പിക്കുന്നു. ഈ നയം ഉപേക്ഷിക്കാൻ വ്യവസായ മേഖലയിൽ നിന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാർ സമ്മർദ്ദം നേരിടുന്ന അതേ സമയത്താണ് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഫെഡറൽ വിൽപ്പന മാൻഡേറ്റിനെക്കുറിച്ച് പോളിംഗ് സ്ഥാപനമായ ലെഗർ സർവ്വെ തുടങ്ങിയത്. 1,617 ആളുകളിൽ നിന്ന് അഭിപ്രായം തേടി.
ഗതാഗത മേഖലയിൽ നിന്നും ഹരിതഗൃഹ വാതകം കുറയ്ക്കുകയെന്ന ഫെഡറൽ സർക്കാരിൻ്റെ ലക്ഷ്യം വിവരിച്ചുകൊണ്ടാണ് സർവേ ചോദ്യങ്ങൾ ചോദിച്ചത്. നിലവിൽ, 2035 ആകുമ്പോഴേക്കും പുതിയ ഗ്യാസ് വാഹനങ്ങളുടെ വിൽപ്പന നിരോധിക്കാനാണ് ഫെഡറൽ സർക്കാർ പദ്ധതിയിടുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം ഇലക്ട്രിക് പോലുള്ള സീറോ-എമിഷൻ വാഹനങ്ങൾ മാത്രമായിരിക്കും വില്പനയ്ക്ക് ഉണ്ടാവുകയെന്നാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. എന്നാൽ ഈ ലക്ഷ്യം യാഥാർത്ഥ്യബോധമില്ലാത്തതും വളരെയധികം ചിലവ് വരുത്തുന്നതുമാണെന്നാണ് സർവ്വെയിൽ പങ്കെടുത്ത 71 ശതമാനം അഭിപ്രായപ്പെട്ടതെന്ന് ലെഗർ പറയുന്നു. എന്നാൽ ഈ ലക്ഷ്യം അനിവാര്യമാണെന്നും വെല്ലുവിളികൾക്കിടയിലും അത് നിലനിർത്തണമെന്നാണ് സർവ്വെയിൽ പങ്കെടുത്ത 29 ശതമാനം പേർ പറയുന്നത്.







