അമേരിക്കയുടെ താരിഫ് നയങ്ങളും വൻകിട നിക്ഷേപങ്ങൾ കുറയുന്നതും കാരണം കാനഡയിലെ ഇലക്ട്രിക് വാഹന (EV) വ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കാനഡ-യുഎസ് വ്യാപാരയുദ്ധം വ്യവസായത്തെ പ്രതികൂലമായി ബാധിച്ചതായി വിദഗ്ദ്ധർ വിലയിരുത്തുന്നു.
ഒന്നിലധികം ബാറ്ററി പ്ലാന്റുകളും, കനേഡിയൻ നിർമ്മിത EV പാർട്സ് വിതരണ ശൃംഖലയും ഈ നിക്ഷേപത്തിൽ ഉൾപ്പെട്ടിരുന്ന 1500 കോടി ഡോളറിൻ്റെ ഒൻ്റാരിയോയിലെ EV ബാറ്ററി പ്ലാന്റ് പദ്ധതി ഹോണ്ട രണ്ടുവർഷത്തേക്ക് നിർത്തിവച്ചത് വ്യവസായത്തിന് തിരിച്ചടിയായിട്ടുണ്ട്. സ്റ്റെല്ലാൻ്റിസ്, ഫോക്സ് വാഗൺ തുടങ്ങിയ മറ്റ് വലിയ EV പദ്ധതികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദ്ധർ സൂചന നൽകിയിട്ടുണ്ട്.
ഇതിനിടെ രാജ്യത്തുടനീളം 2025-ൽ EV വാഹനങ്ങളുടെ വിൽപ്പനയിൽ കാര്യമായ കുറവുണ്ടായതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഫെഡറൽ ഗവൺമെൻ്റിൻ്റെ EV സബ്സിഡി പദ്ധതി അവസാനിപ്പിച്ചതും, കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിൽ സബ്സിഡികൾ വെട്ടിക്കുറച്ചതും, ഒൻ്റാരിയോയിൽ 2018 മുതൽ സബ്സിഡി ഇല്ലാത്തതും വിൽപ്പന കുറയാൻ കാരണമായി. അതേസമയം 2035-ഓടെ 100% സീറോ എമിഷൻ വാഹനങ്ങൾ എന്ന ലക്ഷ്യം കൈവരിക്കാൻ കാനഡയ്ക്ക് പുതിയ ഉപഭോക്തൃ പ്രോത്സാഹന പദ്ധതികളും, ശക്തമായ ഒരു EV ഘടക വിതരണ ശൃംഖലയും അനിവാര്യമാണെന്ന് വ്യവസായ വിദഗ്ധർ ഒരേ സ്വരത്തിൽ പറയുന്നു. സർക്കാർ തലത്തിൽ നിന്നുള്ള തുടർച്ചയായ പിന്തുണ ഈ മേഖലയ്ക്ക് അത്യന്താപേക്ഷിതമാണ്.