വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്ന ബാൻഫ് സിറ്റി കാനഡ സ്ട്രോങ് പാസിനെതിരെ രംഗത്ത് എത്തി. പാസ് വരുന്നതോടെ തിരക്ക് നിയന്ത്രണാതീതമാകുമെന്ന് ബാൻഫ് മേയർ കോറി ഡിമാനോ പറയുന്നു. നിലവിൽ പാർക്കിങ് സ്ഥലങ്ങളുടെയും ഗതാഗതക്കുരുക്കിൻ്റെയും പേരിൽ സന്ദർശകരിൽ നിന്ന് പരാതി ഉയരുന്നുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി. കാർപൂളിങ് അല്ലെങ്കിൽ പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവർക്ക് മാത്രം സൗജന്യ പ്രവേശനം നൽകുക പോലുള്ള നിർദ്ദേശങ്ങൾ ബാൻഫ് അധികൃതർ ഫെഡറൽ സർക്കാരിന് മുമ്പാകെ വെച്ചിട്ടുണ്ട്. ബാൻഫ്, ജാസ്പർ, വാട്ടർടൺ ലേക്ക്സ്, എൽക്ക് ഐലൻഡ്, വുഡ് ബഫല്ലോ നാഷണൽ പാർക്കുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലാണ് ഈ സൗജന്യ പാസ് ലഭിക്കുക. കാർഡോ ടിക്കറ്റോ ഈ പാസിന് ആവശ്യമില്ല. കാനഡക്കാർക്ക് നേരിട്ട് പ്രവേശനം നേടാം.
അതേസമയം, പാർക്ക്സ് കാനഡ സൈറ്റുകളിലേക്ക് സൗജന്യ പ്രവേശനം നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടം, 2025 ഡിസംബർ 12 മുതൽ 2026 ജനുവരി 15 വരെയാണ് നടപ്പാക്കുന്നത്. ഇതിനുപുറമെ വേനൽക്കാലത്തും ഒരു റൗണ്ട് ആസൂത്രണം ചെയ്തിട്ടുണ്ട്. യുഎസ് താരിഫ് പ്രതിസന്ധിയെ മറികടക്കാൻ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള മാർഗ്ഗമായാണ് പ്രധാനമന്ത്രി മാർക്ക് കാർണി കാനഡ സ്ട്രോങ്ങ് പാസ് അവതരിപ്പിച്ചത്.







