പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള കാനഡയുടെ തീരുമാനത്തെ ശക്തമായി വിമർശിച്ച് ഇസ്രയേൽ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഷാരെൻ ഹസ്കൽ. ഹമാസിൻ്റെ തടവറകളിൽ 50 പേർ ഇപ്പോഴും ക്രൂരതകൾ അനുഭവിക്കുമ്പോൾ, കാനഡ ഭീകരരെ അംഗീകരിക്കുകയാണ്. ഇത് സമാധാനത്തെയോ ഗാസയിലെ ജനങ്ങളെയോ ഒരു രീതിയിലും സഹായിക്കില്ലെന്നും, ഭീകരരെ മാത്രമേ ശക്തിപ്പെടുത്തുകയുള്ളൂ എന്നും അവർ കുറ്റപ്പെടുത്തി.
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ The Road Between Us എന്ന ഡോക്യുമെൻ്ററിക്ക് TIFF ഫെസ്റ്റിവലിൽ ആദ്യം പ്രദർശനാനുമതി നിഷേധിക്കുകയും പിന്നീട് അനുവദിക്കുകയും ചെയ്തു. ഈ നടപടി, മാനവികതയ്ക്കെതിരായ ദ്രോഹം ആണെന്നും ഹാസ്കൽ ആരോപിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചത് അനുസരിച്ച് പാലസ്തീൻ അതോറിറ്റി ഭരണപരിഷ്കാരവും, 2026-ൽ ഹമാസില്ലാത്ത തിരഞ്ഞെടുപ്പും, ആയുധരഹിത രാഷ്ട്ര രൂപീകരണവും നടപ്പാക്കണമെന്നാണ് നിബന്ധന. എന്നാൽ, ഹമാസിൻ്റെ ശക്തമായ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ, ഈ നിബന്ധനകൾ യാഥാർത്ഥ്യമാകില്ലെന്ന് ഷാരെൻ ഹസ്കൽ പറഞ്ഞു. പലസ്തീന് അംഗീകാരം നൽകുന്നത് ഭീകരർക്കുള്ള സമ്മാനമായിരിക്കുമെന്നും ഹസ്കൽ മുന്നറിയിപ്പ് നൽകി.







