അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ. വിദേശത്ത് വിദ്യാഭ്യാസം നേടിയ യോഗ്യതയുള്ള നഴ്‌സുമാർക്ക് പ്രീ-അറൈവൽ ആൻഡ് പോസ്റ്റ്-അറൈവൽ സപ്പോർട്ട്സ് ആൻഡ് സർവീസസ് പ്രോഗ്രാം (PASS) വഴി കനേഡിയൻ തൊഴിൽ വകുപ്പിൽ നിന്ന് പിന്തുണ ലഭിക്കുന്നതാണ് പദ്ധതി.
കാനഡയ്ക്ക് പുറത്ത് താമസിക്കുന്ന, കാനഡയിലേക്ക് കുടിയേറാത്തതും എന്നാൽ സ്ഥിര താമസത്തിന് സ്ഥിരീകരണം ലഭിച്ചതുമായ നഴ്‌സുമാർക്ക് പാസ് പ്രീ-അറൈവൽ പ്രോഗ്രാം പ്രയോജനപ്പെടുത്താം. പാസ് പോസ്റ്റ്-അറൈവൽ പ്രോഗ്രാം നിലവിൽ കാനഡയിൽ ഉള്ള നഴ്‌സുമാർക്കുള്ള ഒരു പുതിയ സേവനമാണ്. കെയർ സെൻ്റർ ഫോർ ഇൻ്റർനാഷണലി എഡ്യൂക്കേറ്റഡ് നഴ്‌സസ് വാഗ്ദാനം ചെയ്യുന്ന പാസ് പ്രോഗ്രാമിന് ഫെഡറൽ സർക്കാർ ഫണ്ട് നൽകുന്നുണ്ട്.
യോഗ്യരായ നഴ്‌സുമാർക്ക് പദ്ധതി സൗജന്യമാണ്. അപേക്ഷകർ അവരുടെ താമസ രാജ്യത്ത് അംഗീകൃത നഴ്സിംഗ് വിദ്യാഭ്യാസ പരിപാടി പൂർത്തിയാക്കിയിരിക്കണം, കൂടാതെ ഔദ്യോഗിക രേഖകൾ (സർട്ടിഫിക്കറ്റ്, ഡിപ്ലോമ അല്ലെങ്കിൽ ബിരുദം) കൈവശം ഉണ്ടായിരിക്കണം. ഒപ്പം കാനഡയിലേക്ക് കുടിയേറാൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അംഗീകാരം ലഭിച്ച ആളുകളുമായിരിക്കണം. ഈ യോഗ്യതകൾ ഉണ്ടെങ്കിൽ PASS പ്രോഗാമിന് അപേക്ഷിക്കാം.