അമേരിക്കയുമായി നിലനിൽക്കുന്ന വ്യാപാര തർക്കങ്ങളുടെയും ട്രംപിൻ്റെ താരിഫ് ഭീഷണികളുടെയും പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി കാനഡ. അമേരിക്കയെ “പ്രവചനാതീതവും വിശ്വസിക്കാൻ കൊള്ളാത്തതുമായ പങ്കാളി” എന്ന് വിശേഷിപ്പിച്ച, പ്രധാനമന്ത്രി മാർക്ക് കാർണി അടുത്ത പത്ത് വർഷത്തിനുള്ളിൽ അമേരിക്കൻ ഇതര രാജ്യങ്ങളിലേക്കുള്ള കാനഡയുടെ കയറ്റുമതി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നതായും പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളിലെ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആസിയാൻ (ASEAN) ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാപാര സംവിധാനങ്ങൾക്ക് കാനഡ മൂല്യം കൽപ്പിക്കുന്നുണ്ട്. പ്രതിബദ്ധതകൾ മാനിക്കുന്ന വിശ്വസ്ത പങ്കാളിയാണ് കാനഡയെന്നും ട്രംപ് ഭരണകൂടത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ താരിഫുകൾ കാനഡയുടെ സ്റ്റീൽ, അലൂമിനിയം, ഓട്ടോമൊബൈൽ തുടങ്ങിയ പ്രധാന വ്യവസായങ്ങളെ ഇതിനകം തന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ആശ്രിതത്വം കുറയ്ക്കുന്നതിനായി ഏഷ്യൻ രാജ്യങ്ങളുമായി കൂടുതൽ വ്യാപാരബന്ധങ്ങൾ സ്ഥാപിക്കുക എന്നതാണ് കാർണിയുടെ ലക്ഷ്യം.
ആസിയാൻ രാജ്യങ്ങളുമായി അടുത്ത വർഷത്തോടെ ഒരു സ്വതന്ത്ര വ്യാപാര കരാർ സാധ്യമാക്കാനും ഫിലിപ്പീൻസുമായി ഒരു സമാന്തര കരാറിന് രൂപം നൽകാനും കാനഡ പദ്ധതിയിടുന്നുണ്ട്. കാനഡയുടെ സമ്പദ്വ്യവസ്ഥയുടെ പുതിയ ബജറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ അവതരിപ്പിക്കുമെന്നും, അതിൽ ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്ക് പ്രയോജനം ചെയ്യുന്ന നിക്ഷേപങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കനേഡിയൻ ജനതയ്ക്ക് ഉറപ്പ് നൽകി.







