കാൽഗറി: കാൽഗറിയയിലെ ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ. വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി കാൽഗറിക്കാർ ഹോം സർവീസ് കമ്പനികളുടെ സഹായം തേടുന്നത് കൂടുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ തുടർന്ന് രാജ്യമെമ്പാടു നിന്നും കൂടുതൽ തൊഴിലാളികളെ കൊണ്ടുവരാൻ നിർബന്ധിതരായിരിക്കുകയാണ് ഹോം സർവീസ് കമ്പനികൾ.
വലിയ അളവിലുള്ള മഴ നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാക്കി. ജൂൺ, ജൂലൈ മാസങ്ങളിൽ 200 മില്ലിമീറ്ററിലധികം മഴയാണ് നഗരത്തിൽ പെയ്തത്. ഇതേ തുടർന്ന് ഗ്രൗണ്ട് വർക്ക്സിൻ്റെ കാൽഗറി ഓഫീസിലേക്ക് എത്തുന്ന കോളുകളുടെ എണ്ണം 300 ശതമാനത്തിലധികം വർദ്ധിച്ചതായി അറിയിച്ചു.
സെപ്റ്റംബറിലേക്കുള്ള ബുക്കിംഗാണ് ഇപ്പോൾ തുടരുന്നതെന്ന് കമ്പനി അറിയിച്ചു. 2013നെ അപേക്ഷിച്ച് കാൽഗറിയിലെ വീടുകളിൽ വെള്ളപ്പൊക്കം കൂടുതലാണെന്ന് അധികൃതർ പറയുന്നു. ആളുകളുടെ ബേസ്‌മെന്റുകളിലെ അടിത്തറ നന്നാക്കൽ, വാട്ടർപ്രൂഫിംഗ്, കോൺക്രീറ്റ് നന്നാക്കൽ എന്നിവ ആവശ്യപ്പെട്ടാണ് ഹോം സർവ്വീസ് കമ്പനിയിലേക്ക് കൂടുതലായി കോളുകൾ എത്തുന്നത്.