ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍. ബ്രസീല്‍ സുപ്രീംകോടതിയുടെ ഉത്തരവിലാണ് നടപടി. സോഷ്യല്‍ മീഡിയ നിരോധനം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 2022ലെ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും അധികാരത്തില്‍ തുടരാന്‍ അട്ടിമറി നടത്തിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്നതിനിടയിലാണ് വീട്ടുതടങ്കല്‍.
ബോള്‍സോനാരോ തന്റെ മേല്‍ ചുമത്തിയ ജുഡീഷ്യല്‍ നിയന്ത്രണ ഉത്തരവുകള്‍ പാലിച്ചില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കണ്ടെത്തി. തീവ്ര വലതുപക്ഷ നേതാവായ ബോള്‍സനാരോ തന്റെ നിയമസഭാംഗങ്ങളായ മക്കളുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്തുകൊണ്ട് തന്റെ മേല്‍ ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പുറപ്പെടുവിച്ചത്. 2019 നും 2022 നും ഇടയില്‍ ബ്രസീല്‍ ഭരിച്ച ബോള്‍സോനാരോ സുപ്രിം കോടതിക്കെതിരായ ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും ബ്രസീലിയന്‍ ജുഡീഷ്യറിയിലെ വിദേശ ഇടപെടലിനെ പിന്തുണക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.