ഒൻ്റാരിയോ സർക്കാർ മുന്നോട്ടുവെച്ച ടൊറൻ്റോ ബില്ലി ബിഷപ്പ് വിമാനത്താവള വികസന പദ്ധതിക്ക് തടയിട്ട് ഫെഡറൽ സർക്കാർ. പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ഫെഡറൽ ട്രാൻസ്പോർട്ട് മിനിസ്റ്റർ സ്റ്റീവൻ മക് കിനോൺ അറിയിച്ചു. ബില്ലി ബിഷപ്പ് വിമാനത്താവള വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ട്രാൻസ്‌പോർട്ട് കാനഡ നടത്തിയ സർവേയിൽ ഒരു ലക്ഷത്തോളം പ്രദേശവാസികൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
വാട്ടർഫ്രണ്ട് വിമാനത്താവളത്തിൽ നിന്ന് ജെറ്റ് വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കുന്ന രീതിയിൽ റൺവേ ദീർഘിപ്പിക്കാനാണ് ഒൻ്റാരിയോ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതുസംബന്ധിച്ച് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്, വിമാനത്താവളത്തിന്‍റെ പ്രവർത്തനം നടത്തുന്ന ഫെഡറൽ ഏജൻസിയായ ടൊറൻ്റോ പോർട്ട് അതോറിറ്റിയുടെ പിന്തുണയോടെ വിമാനത്താവള വികസന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. കൂടാതെ വിമാനത്താവള ഭൂമിയിൽ ടൊറൻ്റോ സിറ്റിക്കുള്ള അധികാരം ഇല്ലാതാക്കുന്ന നിയമനിർമ്മാണവും പ്രവിശ്യാ സർക്കാർ പാസ്സാക്കിയിരുന്നു.







