വിക്ടോറിയ: കാട്ടുതീ വ്യാപിക്കുന്ന സമയത്ത് തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന എഐ ജനറേറ്റഡ് ചിത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബീസി വൈൽഡ് ഫയർ സർവീസ്. വിമാനങ്ങൾ ഉപയോഗിച്ച് കാട്ടുതീ നിയന്ത്രണവിധേയമാക്കുന്ന രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ച രണ്ട് ചിത്രങ്ങൾ സർവീസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.
എന്നാൽ ചിത്രങ്ങളിൽ കാണിക്കുന്ന തീജ്വാലകളുടെ വലുപ്പം, ഭൂപ്രദേശം, തീയുടെ സ്വഭാവം എന്നിവ കൃത്യമായി പ്രതിനിധീകരിക്കുന്നില്ലെന്ന് സർവീസ് പറയുന്നു. എന്നാൽ അവയിലൂടെ സ്‌ക്രോൾ ചെയ്യുന്ന ആളുകൾ അവ യഥാർത്ഥമാണെന്ന് വിശ്വസിക്കുന്നു. ജൂലൈ 31 ന് പീച്ച്‌ലാൻഡിനടുത്തുള്ള ഡ്രോട്ട് ഹില്ലിലുണ്ടായ തീപിടുത്തം എന്ന അടിക്കുറിപ്പോടെ ഡിജിറ്റൽ ക്രിയേറ്റർ എന്ന വിശേഷിപ്പിച്ചിരിക്കുന്ന ഒരു ചിത്രമാണ് ആദ്യം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും ചിത്രീകരണ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും എഡിറ്റ് ചെയ്യപ്പെട്ടു.
കാട്ടുതീ വ്യാപിക്കുന്ന സമയത്ത് ആളുകൾ സോഷ്യൽമീഡിയയിൽ നിന്നും വിവരങ്ങൾ അറിയാറുണ്ട്. ചില വിവരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇവ സദുദ്ദേശ്യപരമായതോ മന:പൂർവ്വം കെട്ടിച്ചമച്ചതോ ആയിരിക്കാം. വിവരങ്ങൾ ശേഖരിക്കുമ്പോൾ അവയുടെ ആധികാരികത പരിശോധിക്കണമെന്ന് സർവീസ് നിർദ്ദേശിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും സർവീസ് വ്യക്തമാക്കി.