ഇറാനുമായി നയതന്ത്രബന്ധം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഓസ്ട്രേലിയയില്‍ കഴിഞ്ഞവര്‍ഷം നടന്ന രണ്ട് ജൂതവിരുദ്ധ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് ആരോപിച്ചാണു നടപടി. ഇറാന്റെ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാനും ഉത്തരവിട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമാണ് ഓസ്ട്രേലിയ മറ്റൊരു രാജ്യത്തിന്റെ അംബാസഡറെ പുറത്താക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സിഡ്നിയിലെ ലൂയിസ് കോണ്ടിനന്റല് കിച്ചണു നേരെയും ഡിസംബറില്‍ മെല്‍ബണിലെ ഇസ്രയേല്‍ സിനഗോഗിനു നേരെയും നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് ഓസ്ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്ഗനൈസേഷന് (എഎസ്ഐഒ) കണ്ടെത്തിയതായി ആല്‍ബനീസ് വ്യക്തമാക്കി. ആരോപണങ്ങള്‍ ഇറാന് നിഷേധിച്ചു. ടെഹ്റാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച ഓസ്ട്രേലിയ, ഇറാന്റെ സൈനികവിഭാഗമായ റവല്യൂഷനറി ഗാര്‍ഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങി.







