എഡ്മന്റൺ: അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (അസെറ്റ്) ആൽബർട്ടയുടെ ആഭിമുഖ്യത്തിൽ എഡ്മന്റണിൽ അന്താരാഷ്ട്ര വനിതാദിനം വിപുലമായി ആഘോഷിച്ചു. എഡ്മന്റണിലെ മലയാളി സമൂഹത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു വനിതാദിന ആഘോഷം സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ടായിരുന്നു.

മഞ്ജു സാംസൺ അവതാരകയായിരുന്ന പരിപാടി ആൽബെർട്ടയിലെ ആദ്യകാല മലയാളികളായ അന്നമ്മ എബ്രഹാം, റേച്ചൽ മാത്യു, രാജമ്മാൾ റാം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കാനഡയിലെ അറുപതോളം വർഷത്തെ തങ്ങളുടെ ജീവിതാനുഭവങ്ങളും ആദ്യ കാല കുടിയേറ്റ അനുഭവങ്ങളും വെല്ലുവിളികളും അവർ പങ്കുവെച്ചത് പുതുതലമുറയ്ക്ക് വലിയ പ്രചോദനമായി മാറി. പരിപാടിയുടെ സ്പോൺസർ ഡെസ്സ എഡിസൺ അവർക്ക് അവാർഡുകൾ കൈമാറി. തുടർന്ന് ചിത്രരചനയും കുസൃതി ചോദ്യങ്ങളും ഉൾപ്പെടുത്തി നടത്തിയ സംവേദനാത്മക സെഷനുകൾ കൂട്ടായ്മയുടെ ഐക്യം കെട്ടിപ്പടുത്തുന്നതിനു സഹായകമായി.

സ്ത്രീകൾക്ക് മാത്രമായി ഒരുക്കിയ ഈ വേദി കേവലം ആഘോഷത്തിനപ്പുറം ഗൗരവകരമായ വിഷയങ്ങൾ സംസാരിക്കാനുള്ള ഇടമായി മാറി. സ്ത്രീകളുടെ മാനസിക ആരോഗ്യം, സ്വയം പരിചരണം, ശിശു പരിപാലനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പാനൽ ചർച്ച പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. സൈക്കോളജിസ്റ്റ് നയന നാരായണൻ, സാമൂഹ്യപ്രവർത്തകരായ ഡോ. റിൻസി സെബാസ്റ്റ്യൻ, ബിയ ബാബു, രജിസ്റ്റേർഡ് നേഴ്സ് ജെസി ജയകൃഷ്ണൻ എന്നിവർ പാനലിസ്റ്റുകളായ ചർച്ചയിൽ ഡോ. അനു സ്റ്റെല്ല മാത്യൂസ്, സാമൂഹ്യ പ്രവർത്തക അമ്പിളി റോസ് എന്നിവർ മോഡറേറ്റർമാരായി. ദൈനംദിന ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളെയും ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ചുള്ള തുറന്ന സംവാദം പങ്കെടുത്തവർക്ക് ഏറെ പ്രയോജനപ്രദമായി. അസെറ്റ് ആൽബെർട്ട ബോർഡംഗം അമ്പിളി സാജു കൃതജ്ഞത രേഖപ്പെടുത്തി.








