മാർക്ക് കാർണിയുടെ ഫെഡറൽ സർക്കാറും ആൽബർട്ടയും തമ്മിൽ ധാരണയിലെത്തിയ പൈപ്പ്ലൈൻ കരാർ പിൻവലിക്കണമെന്ന് പ്രമേയം പാസാക്കി അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ് (AFN). വടക്കൻ ബ്രിട്ടിഷ് കൊളംബിയ തീരദേശത്ത് എണ്ണ ടാങ്കർ ഗതാഗതത്തിനുള്ള ഫെഡറൽ നിരോധനം പിൻവലിക്കുക എന്നതാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് AFN നാഷണൽ ചീഫ് സിൻഡി വുഡ്ഹൗസ് നെപിനാക് പറഞ്ഞു. ഫസ്റ്റ് നേഷൻസ് അവകാശങ്ങളെ മാനിക്കാത്തതാണ് ഈ നീക്കമെന്നും കരാറിനെ എതിർക്കുന്ന തീരദേശ ഫസ്റ്റ് നേഷൻസിന് പിന്തുണ നൽകുമെന്നും വുഡ്ഹൗസ് നെപിനാക് അറിയിച്ചു.
കാരാർ തിടുക്കത്തിൽ പാസാക്കിയെന്നും, എണ്ണ-വാതക മേഖലയിൽ നിക്ഷേപം നടത്തിയ നൂറ്റി അൻപതിൽ അധികം ഫസ്റ്റ് നേഷൻസിന്റെ താൽപ്പര്യങ്ങൾ പരിഗണിച്ചില്ലെന്നും ഇന്ത്യൻ റിസോഴ്സ് കൗൺസിൽ (IRC) സിഇഒ സ്റ്റീഫൻ ബഫല്ലോ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മാർക്ക് കാർണി യോഗത്തിൽ പങ്കെടുത്തെങ്കിലും, ശുദ്ധമായ കുടിവെള്ളം, ഭൂസ്വത്തിലുള്ള അവകാശം തുടങ്ങിയ വിഷയങ്ങളിൽ നേതാക്കൾ അദ്ദേഹത്തെ ചോദ്യം ചെയ്തു. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാതിരുന്നതിൽ ചില നേതാക്കന്മാർ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ, ഫസ്റ്റ് നേഷൻസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കാർണി ഉറപ്പ് നൽകി. 2026 വസന്തകാലത്തോടെ ശുദ്ധജല നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.







