ബിസിനസ് വഞ്ചനാ കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശ്വാസം. കേസില്‍ കീഴ്കോടതി ചുമത്തിയ 454 മില്യണ്‍ ഡോളറിന്റെ പിഴ അപ്പീല്‍ കോടതി റദ്ദാക്കി. അഞ്ചംഗ അപ്പീല്‍ കോടതിയാണ് പിഴ റദ്ദാക്കിയത്. കുറ്റം ചെയ്തിട്ടുണ്ട്, എന്നാല്‍ ചുമത്തിയിരിക്കുന്ന പിഴ വളരെ വലുതാണെന്നും ജഡ്ജിമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, മാറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് നേട്ടങ്ങള്‍ ഉറപ്പാക്കാന്‍ ട്രംപ് തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ച് കാണിച്ചുവെന്നാണ് ട്രംപിനെതിരായ കേസ്. 2024 ഫെബ്രുവരിയിലാണ് കീഴ്‌ക്കോടതി ട്രംപിന് 355 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയത്. ഈ പിഴ അടച്ച് തീര്‍ക്കാത്തതിനാല്‍ പലിശ വളര്‍ന്ന് 454 മില്യണ്‍ ഡോളറിലെത്തി. എന്നാല്‍ ഈ വിധിയെ മേല്‍ക്കോടതി ചോദ്യം ചെയ്യുകയായിരുന്നു. ട്രംപ് തട്ടിപ്പിന് ഉത്തരവാദിയാണെങ്കിലും ഏകദേശം അര മില്യണ്‍ ഡോളര്‍ പിഴ അമിതമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കഠിനമായ ശിക്ഷയ്ക്ക് എതിരായ ഭരണഘടനാ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്ന പിഴ എന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മേല്‍ അമിതമായ ശിക്ഷകള്‍ ചുമത്തുന്നത് വിലക്കാന്‍ ഭരണഘടനയില്‍ അനുശാസിക്കുന്ന എട്ടാം ഭേദഗതിയെ പ്രതിപാദിച്ചുകൊണ്ടായിരുന്നു ട്രംപിന് അനുകൂലമായ വിധി.കേസില്‍ സമ്പൂര്‍ണ വിജയം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ കേസില്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു.







