അൽബെർട്ട: കുടിയേറ്റ നിയന്ത്രണത്തിലൂടെ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനൊരുങ്ങി അൽബെർട്ട സർക്കാർ. “ആൽബെർട്ട കോളിംഗ്” എന്ന് ഒരിക്കൽ പ്രഖ്യാപിച്ച സർക്കാർ, ഇപ്പോൾ കുടിയേറ്റത്തിൽ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുകയാണ്. തൊഴിൽ കുടിയേറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ജോസഫ് ഷോയ്ക്ക് ആൽബെർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത്, നൽകിയ പുതിയ നിർദ്ദേശത്തിൽ, അൽബെർട്ടയിലെ അന്തർദേശീയ കുടിയേറ്റത്തിൽ പ്രവിശ്യയ്ക്ക് കൂടുതൽ നിയന്ത്രണം ലഭിക്കാനുള്ള എല്ലാ നിയമപരമായ മാർഗങ്ങളും സ്വീകരിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലുടമകൾ ജോലിക്കായി പ്രാദേശിക തൊഴിലാളികളെ പരിഗണിക്കണമെന്ന് സ്മിത്ത് ആഹ്വാനം ചെയ്തു. താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയെ നിരവധി ബിസിനസ് ഉടമകൾ ആശ്രയിക്കുന്നുണ്ട്. എന്നാൽ ഫെഡറൽ സർക്കാർ അത് കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിനാൽ, ആ കുറവ് നികത്താനുള്ള അവസരം സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സ്മിത്ത് വ്യക്തമാക്കി. ആഗസ്റ്റോടെ അൽബെർട്ടയിലെ തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനമായി ഉയർന്നിട്ടുണ്ട്. കാനഡയിലെ പ്രവിശ്യകളിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ നിരക്കാണിത്. യുവജനങ്ങളിൽ തൊഴിലില്ലായ്മ അതിൻ്റെ ഇരട്ടിയോളമാണ്. ഏകദേശം 20 ശതമാനമാണ് യുവാക്കളിലെ തൊഴിലില്ലായ്മ.







