കാനഡയിലെ മോൺട്രിയലിൽ നിന്നെത്തിയ എയർ കാനഡ എക്സ്പ്രസ് സിആർജെ-900 (CRJ-900) വിമാനവും വിമാനത്താവളത്തിലെ ഫയർ ട്രക്കും തമ്മിൽ റൺവേ 4-ൽ വെച്ച് കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ പ്രാദേശിക സമയം രാത്രി 11:40 ഓടെയാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് ലാഗ്വാർഡിയ വിമാനത്താവളം താൽക്കാലികമായി അടച്ചു. സംഭവത്തിൽ പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിലെ നാല് അഗ്നിശമന സേനാംഗങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
മറ്റൊരു വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യം നേരിടാൻ റൺവേ മുറിച്ചുകടക്കാൻ അനുമതി ലഭിച്ച ഫയർ ട്രക്കാണ് വിമാനവുമായി കൂട്ടിയിടിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുണൈറ്റഡ് 737 മാക്സ് വിമാനത്തിനുള്ളിൽ അനുഭവപ്പെട്ട അസാധാരണ ഗന്ധത്തെത്തുടർന്ന് ജീവനക്കാർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനാലാണ് അഗ്നിശമന സേനാ വിഭാഗം അവിടേക്ക് പുറപ്പെട്ടത്. കൂട്ടിയിടിയെത്തുടർന്ന് എയർ കാനഡ വിമാനത്തിന്റെ മുൻഭാഗത്തിന് (Nose) കാര്യമായ കേടുപാടുകൾ സംഭവിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.







