ഓട്ടവ: വാൻകുവറിൽനിന്ന് ദുബായിലേക്കുള്ള നോൺ-സ്റ്റോപ്പ് റൂട്ട് സർവീസ് എയർ കാനഡ അവസാനിപ്പിച്ചതായി റിപ്പോർട്ട്. വാൻകുവർ ഇന്റർനാഷണൽ എയർപോർട്ടിൽ(YVR) നിന്ന് ദുബായ് എയർപോർട്ടിലേക്കുള്ള(DXB) നോൺ-സ്റ്റോപ്പ് സീസണൽ സർവീസ് റദ്ദാക്കിയതായി എയർ കാനഡ സ്ഥിരീകരിച്ചു. 2025-26 വിന്റർ ഫ്ളൈറ്റ് ഷെഡ്യൂളിൽ മാറ്റങ്ങൾ ബാധകമാണെന്ന് പ്രസ്താവനയിൽ എയർലൈൻ വ്യക്തമാക്കി. രണ്ട് വർഷം മുമ്പാണ് ഈ റൂട്ടിലുള്ള സർവീസ് എയർ കാനഡ പ്രഖ്യാപിച്ചത്. വാൻകുവറിനും ദുബായിക്കും ഇടയിലുള്ള എയർ കാനഡയുടെ ആദ്യ വിമാനം 2023 ഒക്ടോബർ 28 നാണ് സർവീസ് നടത്തിയത്.
ആഴ്ചയിൽ നാല് തവണ വാൻകുവർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് വിമാനങ്ങൾ പുറപ്പെട്ടു. ഏകദേശം 15 മണിക്കൂറാണ് ദുബായിലേത്താനുള്ള സമയം. കൂടാതെ, എയർ കാനഡയുടെ പങ്കാളിത്തത്തിലൂടെ ദുബായിൽ നിന്നുള്ള കൂടുതൽ ആഗോള കണക്ഷനുകളും ലഭ്യമാകുമായിരുന്നു. യുഎഇയിലേക്കുള്ള വെസ്റ്റേൺ കാനഡയിലെ ആദ്യത്തേതും ഒരേയൊരു നോൺ-സ്റ്റോപ്പ് വിമാനവുമായിരുന്നു ഇത്. കൂടാതെ, ദക്ഷിണേഷയിലെയും മിഡിൽ ഈസ്റ്റിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് കണക്ഷൻ ഫ്ളൈറ്റായും പ്രവർത്തിച്ചു. ഇത് നിർത്തുന്നതോടെ ഈ ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്രക്കാർക്കും തിരിച്ചടിയടിയാകും. എയ്റോറൂട്ട്സ് പ്രകാരം, ഈ വർഷത്തെ വിന്റർ ഷെഡ്യൂൾ നവംബർ 22 നും 2026 മാർച്ച് 26 നും ഇടയിലായിരുന്നു സർവീസ് നടത്തേണ്ടിയിരുന്നത്.







