സസ്‌കാച്ചെവനിൽ കുടിയേറ്റ തട്ടിപ്പ്. ഏജൻ്റുമാരുടെ കെണിയിൽ വീണ് നിരവധി കുടുംബങ്ങൾക്ക് പണം നഷ്ടമായി. കാനഡയിലെ സസ്‌കാച്ചെവൻ പ്രവിശ്യയിൽ നിയമവിരുദ്ധമായ കുടിയേറ്റ പദ്ധതികളുടെ പേരിൽ ഏജൻ്റുമാർ ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ പുറത്തു വരികയാണ്. സ്ഥിര താമസത്തിനായി ശ്രമിച്ച ഒരു ചൈനീസ് കുടുംബം, ഒരു കൺസൾട്ടൻ്റുമായി ഉണ്ടാക്കിയ കരാർ പ്രകാരം ഏകദേശം 33 ലക്ഷം ഇന്ത്യൻ രൂപ നൽകിയിട്ടും പി ആർ ലഭിച്ചില്ല. ഏജൻ്റുമാർ പണം തട്ടിയെടുക്കുന്നതായാണ് റിപ്പോർട്ട്.
കുടിയേറ്റ നടപടികൾക്കായി ഏകദേശം 91 ലക്ഷം ഇന്ത്യൻ രൂപ വരെ നൽകാനുള്ള കരാറുകൾ ഈ കൺസൾട്ടൻ്റുമാർ തയ്യാറാക്കിയിരുന്നു. എന്നാൽ പല അപേക്ഷകളും ഒടുവിൽ നിരസിക്കപ്പെടുകയും പണം നഷ്ടപ്പെട്ട് കുടുംബങ്ങൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടിയും വന്നു. കുടിയേറ്റ കൺസൾട്ടൻ്റുമാരുടെ ഈ ചൂഷണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന ആവശ്യമുയരുന്നുണ്ട്.
കാനഡയിൽ കുടിയേറ്റ സേവനങ്ങൾ നൽകുന്ന കൺസൾട്ടൻ്റുമാരെ നിയന്ത്രിക്കുന്ന റെഗുലേറ്ററി ബോഡി, തങ്ങളുടെ ലൈസൻസികൾ ന്യായമായ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് നിർബന്ധിക്കുന്നുണ്ടെങ്കിലും, ന്യായമായ ഫീസിൻ്റെ പരിധി എത്രയാണെന്ന് വ്യക്തമാക്കുന്നതിൽ പരാജയപ്പെട്ടു. കൂടാതെ, കുടിയേറ്റ ഏജൻ്റുമാർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഫീസ് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യാൻ നിലവിലെ സംവിധാനത്തിന് സാധിക്കുന്നില്ല. തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനും, കൺസൾട്ടൻ്റുമാരുടെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ അധികാരങ്ങൾ റെഗുലേറ്ററി ബോഡിക്ക് നൽകണമെന്നാണ് വിദഗ്ദ്ധർ ആവശ്യപ്പെടുന്നത്.







