അമേരിക്ക യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രകൃതി വാതകത്തിൻ്റെ നല്ലൊരു പങ്കും കാനഡയിൽ നിന്നുള്ളതാണെന്ന് പോളിഷ് അംബാസിഡർ. അമേരിക്കക്കാർ കനേഡിയൻ പ്രകൃതിവാതകം കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കുകയാണെന്നും അംബാസിഡർ പറയുന്നു. യൂറോപ്പിലേക്ക് പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതിൽ കാനഡ വീഴ്ച വരുത്തിയെന്ന വിമർശനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കാനഡയിലെ പോളിഷ് അംബാസഡറുടെ പ്രതികരണം.
ധാരാളം കനേഡിയൻ വാതകം യൂറോപ്പിലേക്ക് എത്തുന്നുണ്ട്. എന്നാൽ അത് അമേരിക്ക വഴി ആണെന്ന് പോളിഷ് അംബാസഡർ വിറ്റോൾഡ് ഡിസിയേൽസ്കി പറഞ്ഞു. അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കും പോളണ്ടിലേക്കും വരുന്ന എൽഎൻജിയിൽ കൂടുതലും കാനഡയിൽ നിന്നുള്ളതാണ്. പക്ഷേ അത് വളരെ ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്. കനേഡിയൻ എൽഎൻജിക്ക് പോളണ്ടിൽ ഡിമാൻഡ് ഉണ്ടോ എന്ന് ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു വിറ്റോൾഡ് ഡിസിയേൽസ്കിയുടെ പ്രതികരണം.
പിന്നാലെ കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലിവ്രെ പരാമർശം ഏറ്റെടുത്തു. കനേഡിയൻ എൽഎൻജി മേഖലയ്ക്ക് മുൻഗണന നൽകുന്നതിൽ പരാജയപ്പെട്ടതിന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കാനഡയുടെ ഊർജ്ജ മന്ത്രി ടിം ഹോഡ്സൺ കഴിഞ്ഞ ദിവസം പരസ്യമായി വിമർശിച്ചിരുന്നു. അതിന് പിറകെയാണ് പോളണ്ട് അംബാസിഡറുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.







