കാൽഗറി: കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുകയാണ് കാൽഗറിയിൽ. നയൻത് സ്ട്രീറ്റ് SW യുടെയും സിക്സ്ത് അവന്യൂ SW യുടെയും അരികിലായാണ് അറ്റെയ്‌നബിൾ ഹോംസ് ഏറ്റവും പുതിയ ഭവന പദ്ധതി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്. കെട്ടിടം പുതുതായി പണിതുയർത്തുന്നതിന് പകരം, പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ ഓരോന്നായി ക്രെയിൻ ഉപയോഗിച്ച് കൊണ്ട് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
അടുക്കി വച്ചിരിക്കുന്ന ഓരോ ഫാബ്രിക്കേറ്റഡ് യൂണിറ്റിലും രണ്ട് സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ ഉണ്ട്. ഫ്രിഡ്ജുകൾ, സ്റ്റൗകൾ, വാഷറുകൾ, ഡ്രയറുകൾ തുടങ്ങിയ ഉപകരണങ്ങളൊക്കെ ഉൾക്കൊള്ളിച്ചാണ് ഇവ സ്ഥാപിക്കുന്നത്. ആറ് നിലകളിലായി 84 സ്റ്റുഡിയോ അപ്പാർട്ടുമെൻ്റുകളാണ് ഇപ്രകാരം നിർമ്മിച്ചിരിക്കുന്നത്. 10 ദിവസത്തിനുള്ളിൽ എല്ലാ മൊഡ്യൂളുകളും ക്രെയിൻ ഉപയോഗിച്ച് സ്ഥാപിക്കാൻ കഴിയുമെന്നും വളരെ ജനസാന്ദ്രതയുള്ള പ്രദേശത്ത് വളരെ വേഗത്തിലാണ് പ്രവൃത്തികൾ നടക്കുന്നതെന്നും ATCO സ്ട്രക്ചേഴ്സിൻ്റ് പ്രസിഡൻ്റ് ആദം ബീറ്റി പറഞ്ഞു.
ATCO സ്ട്രക്ചേഴ്‌സിൻ്റെ തെക്കുപടിഞ്ഞാറൻ കാൽഗറിയിലെ ഫാക്ടറിയിലാണ് മോഡുലാർ യൂണിറ്റുകൾ നിർമ്മിച്ചത്. അവ പൂർത്തിയാക്കാൻ ഏകദേശം മൂന്ന് മാസമെടുത്തു.