newsroom@amcainnews.com

പുകഴ്ത്തലും വാഴ്ത്ത് പാട്ടും പിണറായിക്ക് സ്വന്തം! വിമർശന ഫോക്കസ് മുഴുവനും പാർട്ടി സെക്രട്ടറിക്കെതിരേ; സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഒറ്റപ്പെട്ട് എംവി ഗോവിന്ദൻ

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വജയന് 100ൽ 100 മാർക്ക്. വിമർശനമത്രയും സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരേ ആയതോടെ സംസ്ഥാന സമ്മേളനത്തിൽ എംവി ഗോവിന്ദൻ പൂർണ്ണമായും ഒറ്റപ്പെടുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചർച്ചയിലെ വിമർശന ഫോക്കസ് മുഴുവനും പാർട്ടി സെക്രട്ടറിയായിരുന്നു. സർക്കാരിൻറെ പ്രവർത്തനം മുതൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന വിവാദങ്ങളും മുഖ്യമന്ത്രിയുടെ ശൈലിയും എല്ലാം വിവിധ പാർട്ടി ഘടകങ്ങളിൽ ഇഴകീറി പരിശോധിച്ചു. മുഖം നോക്കാത്ത വിമർശനവും തെറ്റുതിരുത്തലും ഉറപ്പ് പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോൾ പക്ഷേ വിമർശന മുന മുഴുവൻ എം.വി ഗോവിന്ദനെതിരെയാണെന്നതാണ് ശ്രദ്ധേയം.

മുഖ്യമന്ത്രിക്ക് മാർക്കിട്ട പ്രതിനിധി ചർച്ചയിൽ പാർട്ടി സെക്രട്ടറിയുടെ ശൈലിക്കും നിലപാടിനും എതിരെ വലിയ വിമർശനം ഉയർന്നു. പാർട്ടി സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ല. ഒരേ കാര്യത്തിൽ രാവിലെയും ഉച്ചക്കും വൈകീട്ടും പല അഭിപ്രായങ്ങൾ പറയുന്നത് പാർട്ടി അണികളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നു. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തിൽ പാർട്ടി സെക്രട്ടറിയും ജാഗ്രത കാണിക്കണമെന്ന് വരെ പ്രതിനിധികൾ പറഞ്ഞുവെച്ചു. മെറിറ്റും മൂല്യങ്ങളും ആവർത്തിക്കുന്ന പാർട്ടി സെക്രട്ടറി പദവികൾ വരുമ്പോൾ കാണിക്കുന്ന കണ്ണൂർ പക്ഷപാതിത്തം വരെ പ്രതിനിധികൾ വിമർശിച്ചു. ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നാണ് എംവി ഗോവിന്ദൻറെ മറുപടി.

സമ്മേളന നടത്തിപ്പിൽ ഉടനീളം ചർച്ചകളുടെ ഗതി നിയന്ത്രിച്ചത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണ സംവിധാനമാണ്. വിമർശനത്തിൻറെയും വിഭാഗീയതയുടേയും നിഴൽ എങ്കിലും പ്രതീക്ഷിക്കുന്ന ജില്ലാ സമ്മേളനങ്ങളിലെല്ലാം മുഖ്യമന്ത്രി നേരിട്ടെത്തി മുഴുവൻ സമയവും ചെലവഴിച്ചിരുന്നു. തെറ്റുതിരുത്തൽ ഊന്നി പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ എംവി ഗോവിന്ദന് സംഘടനക്ക് അകത്ത് അത്ര ശക്തി പോരെന്ന അവസ്ഥയിലാണ്.

സംഘടനാ സംവിധാനത്തിന് അപ്പുറത്ത് മുഖ്യമന്ത്രിക്ക് പാർട്ടിയിലുള്ള മേൽക്കയ്യാണ് പൊതു ചർച്ചയിലുടനീളം പ്രതിഫലിച്ചത്. ആസൂത്രിതമെന്ന് പോലും തോന്നും വിധം ഉയർന്ന വിമർശനങ്ങൾക്ക് എംവി ഗോവിന്ദൻറെ മറുപടിക്കും വലിയ പ്രസക്തിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണമന്വേഷിച്ചപ്പോൾ തിരുത്താൻ ഏറെയുണ്ടെന്നായിരുന്നു പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട്.

You might also like

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

Top Picks for You
Top Picks for You