newsroom@amcainnews.com

ന്യൂയോർക്ക് സിറ്റി മേയറുടെ അഴിമതി കേസ് ഉപേക്ഷിക്കാൻ യുഎസ് നീതിന്യായ വകുപ്പ് പ്രോസിക്യൂട്ടർമാരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്

ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനെതിരായ അഴിമതി കേസ് ഉപേക്ഷിക്കാൻ യുഎസ് നീതിന്യായ വകുപ്പ് പ്രോസിക്യൂട്ടർമാരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ആഡംസിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും ഉപേക്ഷിക്കാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിയമിച്ച ആക്ടിംഗ് ഡെപ്യൂട്ടി അറ്റോർണി ജനറൽ എമിൽ ബോവ്, തിങ്കളാഴ്ച ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലെ ഫെഡറൽ പ്രോസിക്യൂട്ടർമാരോട് നിർദ്ദേശിച്ചു. വരാനിരിക്കുന്ന മേയർ തിരഞ്ഞെടുപ്പിനെ കുറ്റപത്രം ബാധിക്കുമെന്നും നഗരത്തിലെ ‘നിയമവിരുദ്ധ കുടിയേറ്റവും അക്രമ കുറ്റകൃത്യങ്ങളും’ കൈകാര്യം ചെയ്യാനുള്ള ആഡംസിന്റെ കഴിവിനെ അത് ‘തടഞ്ഞിരിക്കുകയാണ് ‘ എന്നും എമിൽ ബോവ്, ഒരു മെമ്മോയിൽ പറഞ്ഞു.

മേയർ എന്ന നിലയിലുള്ള സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനു പ്രതിഫലമായി തുർക്കി ബിസിനസുകാരിൽ നിന്ന് അനധികൃത പ്രചാരണ ഫണ്ടുകളും സമ്മാനങ്ങളും സ്വീകരിച്ചു എന്ന കുറ്റവും ആഡംസിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. കൈക്കൂലി, ഗൂഢാലോചന, പ്രചാരണ ധനകാര്യ ലംഘനങ്ങൾ എന്നീ അഞ്ച് കുറ്റങ്ങളിൽ താൻ കുറ്റക്കാരനല്ലെന്ന് സെപ്റ്റംബറിൽ അദ്ദേഹം വാദിച്ചിരുന്നു. ‘തീർപ്പുകൽപ്പിക്കാത്ത കുറ്റങ്ങൾ തള്ളിക്കളയാൻ അറ്റോർണി ജനറൽ അധികാരപ്പെടുത്തിയതിനു സമാനമായി, നിർദ്ദേശിക്കുകയാണെന്ന് ബോവ് പ്രോസിക്യൂട്ടർമാർക്കുള്ള മെമ്മോയിൽ പറഞ്ഞു.

അതേസമയം ആവശ്യപ്പെട്ടതുപോലെ കേസ് ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കിയിട്ടില്ല. കുറ്റപത്രം ഉപേക്ഷിക്കുകയാണെങ്കിൽ അക്കാര്യം കോടതിയിൽ ഔദ്യോഗികമായി അറിയിക്കുകയും ഒരു ജഡ്ജി അത് അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. 2025 നവംബറിലെ മേയർ തിരഞ്ഞെടുപ്പിന് ശേഷം കേസ് വീണ്ടും പരിശോധിക്കാമെന്നും എന്നാൽ അതുവരെ കൂടുതൽ ‘അന്വേഷണ നടപടികൾ’ സ്വീകരിക്കരുതെന്നും മെമ്മോയിൽ പറയുന്നു. മേയർ ആഡംസിന്റെ സുരക്ഷാ അനുമതി പുനഃസ്ഥാപിക്കാൻ പ്രോസിക്യൂട്ടർമാർ നിങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും മെമ്മോയിൽ പറയുന്നു.

കഴിഞ്ഞ വർഷം ട്രംപിന്റെ ക്രിമിനൽ വിചാരണയ്ക്കിടെ അദ്ദേഹത്തിന്റെ പ്രതിഭാഗം അഭിഭാഷകനായി പ്രവർത്തിച്ച ബോവ്, നീതിന്യായ വകുപ്പ് ‘തെളിവുകളുടെ ശക്തിയോ കേസ് അടിസ്ഥാനമാക്കിയുള്ള നിയമ സിദ്ധാന്തങ്ങളോ വിലയിരുത്താതെയാണ് നിഗമനങ്ങളിലെത്തിയത് ‘ എന്നും കേസ് കൊണ്ടുവന്ന പ്രോസിക്യൂട്ടർമാരുടെ ‘സമഗ്രതയെയും ശ്രമങ്ങളെയും ഒരു തരത്തിലും ചോദ്യം ചെയ്യുന്നില്ല’ എന്നും എഴുതിയിരുന്നു. ന്യൂയോർക്കിൽ ആഡംസിന്റെ അഭിഭാഷകരും ഫെഡറൽ പ്രോസിക്യൂട്ടർമാരും തമ്മിൽ നടന്ന ഒരു കൂടിക്കാഴ്ചയെ തുടർന്നാണ് മെമ്മോ.

ഡെമോക്രാറ്റായ ആഡംസ് അടുത്തിടെ ട്രംപുമായും അദ്ദേഹത്തിന്റെ ഭരണകൂടവുമായും അടുത്ത ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിലും ഫ്‌ളോറിഡയിലെ ഒരു മീറ്റിംഗിലും പങ്കെടുത്തു. സമീപ ആഴ്ചകളിൽ, ന്യൂയോർക്ക് സിറ്റിയിൽ അനധികൃതകുടിയേറ്റക്കാർക്കെതിരെ ആരംഭിച്ച പുതിയ റെയ്ഡുകളിൽ ഫെഡറൽ ഇമിഗ്രേഷൻ അധികാരികളുമായി സഹകരിക്കാൻ 64 കാരനായ മേയർ നഗര നിയമ നിർവ്വഹണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. അപകടകാരികളായ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെയല്ലാതെ അധികാരികളുമായി സഹകരിക്കരുതെന്ന് നഗര നേതാക്കളെ നിർദ്ദേശിക്കുന്ന പ്രാദേശിക സങ്കേത നഗര നിയമങ്ങളെ ദുർബലപ്പെടുത്തുന്നതാണ് മേയറുടെ നിർദ്ദേശമെന്ന് വിമർശകർ പറയുന്നു.

പ്രസിഡന്റ് ട്രംപിനോട് തന്റെ കേസിനെക്കുറിച്ച് സംസാരിച്ചിരുന്നു എന്ന വാർത്തകൾ ആഡംസ് നിഷേധിച്ചു. മുൻ പ്രസിഡന്റ് ജോ ബൈഡൻ അധികാരത്തിലിരുന്ന സമയത്ത് ആഡംസിനെ വകുപ്പ് ലക്ഷ്യം വച്ചിരുന്നുവെന്നും നീതിന്യായ വകുപ്പിന്റെ മെമ്മോ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണത്തിന് ബോവ് ഒരു തെളിവും നൽകിയില്ല. കേസ് പിൻവലിക്കാൻ ഉത്തരവിട്ട ബോവിന്റെ മെമ്മോ ‘മുൻ യുഎസ് അഭിഭാഷകനും ആഡംസ് കേസിൽ പ്രവർത്തിച്ച അഭിഭാഷകർക്കും എതിരായ അടിസ്ഥാനരഹിതവും നിന്ദ്യവുമായ ഒരു അപവാദമാണ്’ എന്ന് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിലെ നിയമ ധാർമ്മികതയിൽ വിദഗ്ദ്ധനായ പ്രൊഫസർ സ്റ്റീഫൻ ഗില്ലേഴ്‌സ് എൻബിസി ന്യൂസിനോട് പറഞ്ഞു. അതേസമയം, ഇത് തന്റെ കക്ഷിയുടെ വിജയമാണെന്നാണ് മേയറുടെ അഭിഭാഷകൻ അലക്‌സ് സ്പിറോ പ്രതികരിച്ചത്. ‘തുടക്കം മുതൽ മേയർ നിരപരാധിയാണെന്നും അദ്ദേഹം വിജയിക്കുമെന്നും ഞാൻ പറഞ്ഞിരുന്നു.ഇന്ന് അദ്ദേഹം വിജയിച്ചു,’ അലക്‌സ് സ്പിറോ പറഞ്ഞു. കേസ് കൊണ്ടുവന്ന മാൻഹട്ടൻ യുഎസ് അറ്റോർണി ഓഫീസ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.

You might also like

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

Top Picks for You
Top Picks for You