newsroom@amcainnews.com

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20: രാജ്കോട്ടിൽ കാലിടറി ഇന്ത്യൻ ടീം; ഇംഗ്ലണ്ടിന് 26 റൺസ് വിജയം

രാജ്കോട്ട്: ഇന്ത്യൻ താരങ്ങൾ ബാറ്റിങ് മറന്ന മൂന്നാം ട്വന്റി20യിൽ ഇംഗ്ലണ്ടിന് 26 റൺസ് വിജയം. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ 35 പന്തിൽ 40 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. തോറ്റെങ്കിലും പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലാണ്.

അഭിഷേക് ശർമ (14 പന്തിൽ 24), സൂര്യകുമാർ യാദവ് (14 പന്തിൽ‌ 14), തിലക് വർമ (14 പന്തിൽ 18), അക്ഷർ പട്ടേൽ (16 പന്തിൽ 15) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. മുൻനിര ബാറ്റർമാർക്കൊന്നും വലിയ സ്കോർ കണ്ടെത്താനാകാതെ പോയതാണു മത്സരത്തിൽ ഇന്ത്യയ്ക്കു തിരിച്ചടിയായത്. ആദ്യ രണ്ടു മത്സരങ്ങളുടേതിനു സമാനമായി രാജ്കോട്ട് ടെസ്റ്റിലും സഞ്ജു സാംസൺ ജോഫ്ര ആർച്ചറുടെ പന്തിൽ തന്നെ പുറത്തായത് ആരാധകരെ ഞെട്ടിച്ചു. ആർച്ചർ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ആദിൽ റാഷിദ് ക്യാച്ചെടുത്താണു മലയാളി താരത്തെ പുറത്താക്കിയത്. സ്കോർ 31 ൽ നിൽക്കെ അഭിഷേക് ശർമയും 48 ൽ സൂര്യകുമാർ യാദവും പുറത്തായതോടെ ഇന്ത്യ അപകടം മണത്തു. 12.1 ഓവറുകൾ മത്സരം പിന്നിടുമ്പോൾ അഞ്ചിന് 85 എന്ന നിലയിലായിരുന്നു ഇന്ത്യ.

15 ഓവറിലാണ് സ്കോർ 100 പിന്നിട്ടത്. വിക്കറ്റ് വീഴ്ച തടയുക ലക്ഷ്യമിട്ട് ഹാർദിക് പാണ്ഡ്യ പ്രതിരോധത്തിലേക്കു വലിഞ്ഞതോടെ സ്കോറിങ്ങിന്റെ വേഗതയും കുറഞ്ഞു. ബ്രൈഡൻ കാഴ്സിന്റേയും ഓവർടണിന്റെയും പന്തുകൾ നേരിടാൻ പാണ്ഡ്യ ബുദ്ധിമുട്ടി. അവസാന നാലോവറുകളിൽ 64 റൺസായിരുന്നു ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. 18–ാം ഓവറിലെ രണ്ടാം പന്തിൽ അക്ഷർ പട്ടേലിനെ ആർച്ചർ ആദിൽ റാഷിദിന്റെ കൈകളിലെത്തിച്ചു. ഓവർടനെ സിക്സർ പറത്താൻ ശ്രമിച്ചാണ് പാണ്ഡ്യ പുറത്താകുന്നത്. ബൗണ്ടറിക്കു സമീപത്തുവച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലറാണു ക്യാച്ചെടുത്തത്.

അവസാന ഓവറിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 32 റൺസായിരുന്നു. ബ്രൈഡൻ കാഴ്സിന്റെ ആദ്യ പന്തിൽ തന്നെ ധ്രുവ് ജുറേലും പുറത്തായതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു. ഈ ഓവറിൽ ഇന്ത്യ അടിച്ചത് അഞ്ചു റൺസ് മാത്രമായിരുന്നു. ഇംഗ്ലണ്ടിനായി ജെയ്മി ഓവർടൻ‌ മൂന്നും ജോഫ്ര ആർച്ചർ, ബ്രൈഡൻ കാഴ്സ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. മാർക്‌ വുഡിനും ആദിൽ റാഷിദിനും ഓരോ വിക്കറ്റുകളുമുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. സ്പിന്നർ വരുൺ ചക്രവർത്തി ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. 28 പന്തിൽ 51 റൺസെടുത്ത ബെൻ ഡക്കറ്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ലിയാം ലിവിങ്സ്റ്റൺ (24 പന്തിൽ 43), ജോസ് ബ‍ട്‍ലർ (22 പന്തിൽ 24) എന്നിവരും തിളങ്ങി. നാലോവറുകൾ പന്തെറിഞ്ഞ വരുൺ ചക്രവർത്തി 24 റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. പരുക്കുമാറി തിരിച്ചെത്തിയ പേസർ മുഹമ്മദ് ഷമി മൂന്ന് ഓവറുകൾ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.

ഹാർദിക് പാണ്ഡ്യയെറിഞ്ഞ രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റു നഷ്ടമായിരുന്നു. ഏഴു പന്തുകൾ നേരിട്ട ഫിൽ സോൾട്ട് അഞ്ച് റൺസിന് പുറത്തായി. അഭിഷേക് ശർമ ക്യാച്ചെടുത്താണ് സോൾട്ടിനെ ഔട്ടാക്കിയത്. എന്നാൽ ബട്‍ലറെ കൂട്ടുപിടിച്ച് ബെൻ ഡക്കറ്റ് തകർത്തടിച്ചതോടെ ഇംഗ്ലണ്ടിന്റെ സ്കോർ ഉയർന്നു. രണ്ടു സിക്സുകളും ഏഴു ഫോറുകളും അടിച്ച ബെൻ ഡക്കറ്റ് പത്താം ഓവറിലാണു പുറത്താകുന്നത്. വരുൺ ചക്രവർത്തിയുടെ പന്തിൽ റിവേഴ്സ് സ്വീപിന് ശ്രമിച്ച ബട്‍ലറെ വിക്കറ്റ് കീപ്പർ സഞ്ജു പിടിച്ചെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ബെൻ ഡക്കറ്റും പുറത്തായത് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. സ്പിന്നർ അക്ഷർ പട്ടേലാണ് ഡക്കറ്റിനെ മടക്കിയത്. പിന്നീടങ്ങോട്ട് മധ്യനിര താരങ്ങൾ ഒന്നിനു പുറകേ ഒന്നായി മടങ്ങി.

ലിയാം ലിവിങ്സൺ മാത്രമാണു പിടിച്ചുനിന്നത്. ലിവിങ്സ്റ്റണിലായിരുന്നു പിന്നീട് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ. രവി ബിഷ്ണോയി എറിഞ്ഞ 17–ാം ഓവറിൽ മൂന്നു സിക്സറുകൾ പറത്തിയ ലിവിങ്സ്റ്റൺ പ്രതീക്ഷ കാത്തു. അഞ്ച് സിക്സുകൾ അടിച്ച ലിവിങ്സ്റ്റണെ പാണ്ഡ്യയുടെ പന്തിൽ ധ്രുവ് ജുറേൽ ക്യാച്ചെടുത്തു പുറത്താക്കി. ഇതോടെ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്കിന് വേഗവും കുറഞ്ഞു. ഹാർദിക് പാണ്ഡ്യ രണ്ടും രവി ബിഷ്ണോയി, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച പുണെയിൽ നടക്കും.

You might also like

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

Top Picks for You
Top Picks for You