സെൻ്റ് ജോൺസ് : ഏറ്റവും പുതിയ പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ നറുക്കെടുപ്പിലൂടെ പ്രവിശ്യയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ യോഗ്യരായ 98 തൊഴിലാളികൾക്ക് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഇൻവിറ്റേഷൻ നൽകി. നവംബർ 19-ന് നടന്ന ഈ നറുക്കെടുപ്പിൽ 66 പേർക്ക് ‘അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം’ (AIP) വഴിയും, 32 പേർക്ക് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം’ (NLPNP) വഴിയുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
ഇൻവിറ്റേഷൻ ലഭിച്ചവർക്ക് നോമിനേഷനായി (NLPNP) അല്ലെങ്കിൽ എൻഡോഴ്സ്മെൻ്റിനായി (AIP) അപേക്ഷിക്കാൻ 30 ദിവസം വരെ സമയമുണ്ട്. പ്രവിശ്യയിൽ നിന്ന് നോമിനേഷനോ എൻഡോഴ്സ്മെൻ്റോ ലഭിച്ചുകഴിഞ്ഞാൽ, അവർക്ക് ഫെഡറൽ ഗവൺമെൻ്റ് വഴി സ്ഥിര താമസത്തിനായുള്ള (PR) നടപടികൾ ആരംഭിക്കാം.
കാനഡയിൽ നിലവിലുള്ള തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും (ആകെ 100,000 പേർ വരെ) 2027-ഓടെ സ്ഥിര താമസക്കാരാക്കാൻ (PR) സഹായിക്കുന്ന ഫെഡറൽ പദ്ധതിയുടെ ഭാഗമായി, അധിക നോമിനേഷൻ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ പ്രവിശ്യകൾക്കും ടെറിട്ടറികൾക്കും 2027 മാർച്ച് 31 വരെ സമയമുണ്ട്. അതിനാൽ, വരും മാസങ്ങളിൽ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ (N&L) കൂടുതൽ ഇൻവിറ്റേഷൻ നൽകിയേക്കാം.








