വാഷിങ്ടൺ : അമേരിക്കയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്ന നിർണായക നീക്കവുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ക്രെഡിറ്റ് കാർഡുകളുടെ വാർഷിക പലിശനിരക്ക് പരമാവധി 10 ശതമാനമായി പരിമിതപ്പെടുത്തുന്നതിനായി ഡെമോക്രാറ്റിക് പാർട്ടിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. 2024-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രെഡിറ്റ് കാർഡ് പലിശനിരക്ക് 10 ശതമാനമായി കുറയ്ക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ബാങ്കിങ് മേഖലയിലെ ശക്തമായ എതിർപ്പും റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ പിന്തുണക്കുറവും കാരണം ഈ വാഗ്ദാനം നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.
നിലവിൽ അമേരിക്കയിലെ ക്രെഡിറ്റ് കാർഡുകളുടെ പലിശനിരക്ക് പലപ്പോഴും 20 മുതൽ 30 ശതമാനം വരെയാണ്. ഉയർന്ന പലിശനിരക്കുകൾ സാധാരണ കുടുംബങ്ങളെയും കുറഞ്ഞ വരുമാനക്കാരെയും വലിയ സാമ്പത്തിക ബാധ്യതയിലാക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം.
2026 ജനുവരിയിലും ഒരു വർഷത്തേക്ക് ക്രെഡിറ്റ് കാർഡ് പലിശ 10 ശതമാനമായി പരിമിതപ്പെടുത്തണമെന്ന ആവശ്യം ട്രംപ് മുന്നോട്ടുവച്ചിരുന്നു. എന്നാൽ കോൺഗ്രസിന്‍റെ നിയമനിർമാണ പിന്തുണ ലഭിക്കാത്തതിനാൽ നിർദേശം പ്രാബല്യത്തിൽ വന്നില്ല.
നവംബർ മൂന്നിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്‍റെ നിയന്ത്രണം നേടിയതോടെ ഈ വിഷയത്തിൽ പുതിയ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ജനുവരി മൂന്നിന് പുതിയ കോൺഗ്രസ് അധികാരമേൽക്കുമ്പോൾ പലിശനിയന്ത്രണത്തിനുള്ള നിയമനിർമാണ നടപടികൾക്ക്
വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.








