തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ പുനരന്വേഷണ നടപടികൾക്ക് തുടക്കം കുറിച്ചു. കൊച്ചി സിബിഐ യൂണിറ്റിലെ അഴിമതി നിരോധന വിഭാഗം എസ്പി വി. ദേവരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് പരിശോധിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ബാലഭാസ്കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണി, ബി. ശാന്തകുമാരി എന്നിവരിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
തുടർന്ന്, അപകടം നടന്ന തിരുവനന്തപുരം പള്ളിപ്പുറത്തെ സ്ഥലത്തെത്തി സംഘം പരിശോധന നടത്തി. 2018 സെപ്റ്റംബർ 25-ന് പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് അടുത്തുവെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മകൾ തേജസ്വിനി തൽക്ഷണം മരണപ്പെടുകയും, ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തി.
മരണത്തിലെ ദുരൂഹതകൾ നീക്കുന്നതിനായി കോടതി നേരത്തെ നിരീക്ഷിച്ച സംശയാസ്പദമായ 20 സാഹചര്യങ്ങളിൽ വ്യക്തത വരുത്താനാണ് പുതിയ സംഘം പ്രഥമ പരിഗണന നൽകുന്നത്. അഡീഷണൽ എസ്പി റാങ്കിൽ കുറയാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ കേസിൽ സിബിഐ നടത്തുന്ന മൂന്നാമത്തെ അന്വേഷണമാണിത്. ആദ്യം അന്വേഷിച്ച സംഘം ഇതൊരു സ്വാഭാവിക വാഹനാപകടമാണെന്ന നിഗമനത്തിലാണ് എത്തിയത്. എന്നാൽ, മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്ന മാതാപിതാക്കളുടെ ആരോപണത്തെത്തുടർന്ന് ഹൈക്കോടതി ഉത്തരവോടെ വീണ്ടും അന്വേഷണം നടത്തിയ സിബിഐ ഇൻസ്പെക്ടറും മുൻപത്തെ കണ്ടെത്തലുകൾ ശരിവെച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരുന്നത്.








