അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടനിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യം വച്ച് റേഡിയോ ആക്ടീവ് വസ്തുക്കൾ ഉപയോഗിച്ചുള്ള ‘ഡേർട്ടി ബോംബ്’ ആക്രമണത്തിനോ രാസായുധ പ്രയോഗത്തിനോ ഇറാൻ നീക്കം നടത്തുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പുതിയ ഇന്റലിജൻസ് വിവരങ്ങളെ ആസ്പദമാക്കി ഒരു മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ, ഇത്തരമൊരു ആക്രമണം നടപ്പിലാക്കാനുള്ള ശേഷി ഇറാനുണ്ടോ എന്ന കാര്യത്തിലും, ഇങ്ങനെയൊരു പദ്ധതി യഥാർഥത്തിൽ നിലവിലുണ്ടോ എന്നതിലും അമേരിക്കൻ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.
ഏഴ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച്, ഇറാൻ ലക്ഷ്യമിടുന്ന സ്ഥലങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ അമേരിക്കൻ സുരക്ഷാ ഏജൻസികൾ മുൻകരുതൽ നടപടികളും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പ്രതിരോധ പദ്ധതികളും ആവിഷ്കരിച്ചു വരികയാണ്. ഭീഷണി നേരിടാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉന്നത ഉദ്യോഗസ്ഥർ പലവട്ടം യോഗം ചേർന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഉടനടിയൊരു ആക്രമണം ഉണ്ടാകുമെന്നതിന്റെ സൂചനയല്ല ഈ വിവരങ്ങളെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ വിശദീകരിക്കുന്നു. ഭാവിയിൽ പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള സാധ്യതകൾ ഒരുക്കിവയ്ക്കുക മാത്രമാണ് ഇറാന്റെ ലക്ഷ്യമെന്നാണ് ചില ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത്തരമൊരു നീക്കത്തിന് ആവശ്യമായ ആളുകളെയോ സംവിധാനങ്ങളെയോ ഇറാൻ സജ്ജമാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
നിലവിൽ അമേരിക്കൻ മണ്ണിൽ വിശ്വസനീയമായ സുരക്ഷാ ഭീഷണികളൊന്നുമില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് ലോറൻ ബിസ് പ്രതികരിച്ചു. എങ്കിലും, ഉയർന്നുവരാൻ സാധ്യതയുള്ള എല്ലാ ഭീഷണികളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു. ആണവമേഖലയുമായി ബന്ധപ്പെട്ട ഒരു ആയുധമാണ് ഡേർട്ടി ബോംബെങ്കിലും ഇതൊരു പൂർണ്ണമായ ആണവായുധമല്ല. ഡൈനമിറ്റ് പോലെയുള്ള സാധാരണ സ്ഫോടകവസ്തുക്കളോടൊപ്പം ആണവവികിരണ ശേഷിയുള്ള പൊടികളോ തരികളോ കലർത്തി നിർമ്മിക്കുന്നതാണ് ഡേർട്ടി ബോംബ്.








