കുതിച്ചുയരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കാരണം കനേഡിയൻ പൗരന്മാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി പുതിയ റിപ്പോർട്ട്. ഉയർന്ന ജീവിതച്ചെലവ് മൂലം ഫുഡ് ബാങ്കുകളെ (സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ) ആശ്രയിക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വൻ വർധന രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഫുഡ് ബാങ്കുകളുടെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ പ്രതിമാസം ഏകദേശം ഒമ്പത് ശതമാനം വർധനയുണ്ടായി. 2026-ൽ പ്രതിമാസം ഫുഡ് ബാങ്കുകൾ സന്ദർശിക്കുന്നവരുടെ എണ്ണം 2.35 ദശലക്ഷമായി ഉയർന്നതായി ‘ഫുഡ് ബാങ്ക്സ് കാനഡ’യുടെ വാർഷിക ‘ഹംഗർകൗണ്ട്’ (HungerCount) റിപ്പോർട്ടിൽ പറയുന്നു. 2019-നെ അപേക്ഷിച്ച് 117% വർധനയാണിത്.
പ്രിൻസ് എഡ്വേഡ് ഐലൻഡ്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നിവ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചു. ജനസംഖ്യ കൂടുതലുള്ള പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നത്. ഒൻ്റാരിയോയിൽ 846,724 (ഏകദേശം 11% വർധന), ക്യൂബെക്കിൽ 785,889 (5% വർധന), ബ്രിട്ടിഷ് കൊളംബിയയിൽ 250,505 (14% വർധന) എന്നിങ്ങനെയാണ് പ്രവിശ്യ തിരിച്ചുള്ള കണക്കുകൾ.
മറ്റ് വഴികളൊന്നുമില്ലാതെ ലക്ഷക്കണക്കിന് ആളുകൾക്ക് ഫുഡ് ബാങ്കുകളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ഫുഡ് ബാങ്ക്സ് കാനഡ’ സി.ഇ.ഒ കിർസ്റ്റിൻ ബിയർഡ്സ്ലി പറയുന്നു.







