വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം സേവനമനുഷ്ഠിച്ച പ്രസ് സെക്രട്ടറി എന്ന പേരുദോഷത്തോടെ കാറ്റി സക്കറിയ പടിയിറങ്ങുന്നു. വ്യാജ യോഗ്യതാ വിവാദങ്ങളിലും മോശം പ്രകടനത്തിലും ഉലഞ്ഞ് അഞ്ച് ദിവസം മാത്രമാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയായി കാറ്റി ചുമതല വഹിച്ചത്. ഇതോടെ ട്രംപിന്റെ ആദ്യ ഭരണകാലത്ത് 11 ദിവസം മാത്രം കമ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്ന ആന്റണി സ്കരാമുച്ചിയുടെ റെക്കോർഡ് തകർന്നു. പദവിയിൽ നിന്ന് കാറ്റിയെ നീക്കിയതായും അവർക്ക് പുതിയ മറ്റൊരു ചുമതല നൽകുമെന്നും വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചെങ് സ്ഥിരീകരിച്ചു.
കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകയായിരുന്ന കാറ്റി സക്കറിയയെ പ്രസ് സെക്രട്ടറിയായി നിയമിച്ച ശേഷം അവരൊരു അഭിഭാഷകയാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കാറ്റിയും മുൻപ് പല മാധ്യമ അഭിമുഖങ്ങളിലും താനൊരു അഭിഭാഷകയാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ നിയമനത്തിനു പിന്നാലെ ഇവർക്ക് യുഎസിലെ ഒരു സംസ്ഥാനത്തും വക്കീൽ പരീക്ഷ ജയിച്ച രേഖകളില്ലെന്ന് മാധ്യമങ്ങൾ കണ്ടെത്തി. ഏത് സംസ്ഥാനത്ത് നിന്നാണ് ബാർ പരീക്ഷ പാസായതെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചപ്പോൾ, താൻ ചൈനയിലേക്ക് മാറിയപ്പോൾ എന്നായിരുന്നു കാറ്റിയുടെ വിചിത്രമായ മറുപടി. ഹെലികോപ്റ്ററിന്റെ ശബ്ദം കാരണം ചോദ്യം വ്യക്തമായില്ലെന്നാണ് പിന്നീട് ഇവർ ന്യായീകരിച്ചത്. ഒടുവിൽ കഴിഞ്ഞദിവസം ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ, 2011ൽ പെപ്പർഡൈൻ സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയെങ്കിലും താൻ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് കാറ്റിക്ക് പരസ്യമായി സമ്മതിക്കേണ്ടി വന്നിരുന്നു.







