ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 172 യാത്രികരുമായി സഞ്ചരിച്ച ഫ്ലൈ ദുബായ് വിമാനത്തിൽ വലിയൊരു ദുരന്തം ഒഴിവായത് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. വിമാനം തകർക്കാൻ സഹപൈലറ്റായ ഒമാനി പൈലറ്റ് ഹമാം അൽ ഹമ്മാമി നടത്തിയ ശ്രമമാണ് ക്യാപ്റ്റൻ മച്ചർ പരാജയപ്പെടുത്തിയത്. സെപ്റ്റംബർ 30ന് നടന്ന ഈ സംഭവത്തിനിടയിൽ അദ്ദേഹത്തിന് കുത്തേറ്റു പരുക്കേറ്റിരുന്നു.
വിമാനത്തിലുണ്ടായിരുന്നവരുടെ ജീവൻ രക്ഷിച്ച ഈ ധീരതയ്ക്കുള്ള അംഗീകാരമായി ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘പ്രസിഡൻഷ്യൽ അവർഡ് ഫോർ സിവിലിയൻ ഹീറോയിസം’ ക്യാപ്റ്റൻ മച്ചറിന് നൽകുമെന്ന് ഇസ്രയേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് പ്രഖ്യാപിച്ചു. ചികിത്സ കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയ ഉടൻ പുരസ്കാരം സമ്മാനിക്കുമെന്നും, അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രസിഡന്റ് ആശംസിച്ചു. വിമാനത്തിലുണ്ടായിരുന്ന ആറുപേരുടെ ധീരതയെ അഭിനന്ദിച്ച ചടങ്ങിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.







