ഓട്ടവ: കാനഡയിൽ ഭവന വിലക്കയറ്റത്തിന് പെട്ടെന്ന് പരിഹാരം കാണാൻ കഴിയില്ലെന്നും, ഭവന ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കാൻ ഇനിയും സമയമെടുക്കുമെന്നും ബാങ്ക് ഓഫ് കാനഡ സീനിയർ ഡെപ്യൂട്ടി ഗവർണർ കരോലിൻ റോജേഴ്സ് വ്യക്തമാക്കി. ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിൽ ഒരു ബിസിനസ് വേദിയിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം അറിയിച്ചത്. എങ്കിലും ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശരിയായ പാതയിലാണ് രാജ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ഭവനങ്ങളുടെ വില വർദ്ധിക്കുന്നത് വാടക കുതിച്ചുയരുന്നതിനും ആളുകളുടെ വാങ്ങൽ ശേഷി കുറയുന്നതിനും ഇടയാക്കുമെന്ന് കരോലിൻ റോജേഴ്സ് ചൂണ്ടിക്കാട്ടി. അതേസമയം വില പെട്ടെന്ന് കുറഞ്ഞാൽ അത് മൊത്തത്തിലുള്ള കുടുംബ സമ്പത്തിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഇതൊരു പ്രത്യേക പ്രതിസന്ധിയാണെന്നും അവർ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാൻ കൂടുതൽ വിതരണം, മികച്ച ആസൂത്രണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ആവശ്യമാണ്.
ഭവന ആവശ്യകതയെ സ്വാധീനിക്കാൻ പണനയങ്ങൾക്ക് (Monetary policy) സാധിക്കുമെങ്കിലും, താങ്ങാനാവുന്ന വില എന്ന പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ അത് മാത്രം പോരെന്ന് അവർ വ്യക്തമാക്കി. പണനയത്തിന് അതിന്റേതായ പരിമിതികളുണ്ട്. ബാങ്ക് ഓഫ് കാനഡ ഈ വെല്ലുവിളികളെക്കുറിച്ചും പണനയത്തിന് എന്ത് ചെയ്യാൻ കഴിയും, എന്തൊക്കെ ചെയ്യാനാകില്ല എന്നതിനെക്കുറിച്ചും കാനഡയിലെ ജനങ്ങൾക്ക് കൂടുതൽ വ്യക്തത നൽകേണ്ടതുണ്ടെന്നും അവർ പറഞ്ഞു.







