പാലക്കാട് മംഗലാംകുന്ന് സ്വദേശിയായ ആർമി ക്ലർക്കിന് മൂന്ന് വർഷം മുൻപ് രാജധാനി എക്സ്പ്രസ് ട്രെയിനിൽ വച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഒറ്റപ്പാലം പൊലീസ് കണ്ടെടുത്തു. 2023 ജൂണിൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോഴാണ് അദ്ദേഹത്തിന് ഫോൺ നഷ്ടപ്പെടുന്നത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പരാതി നൽകി സഞ്‌ചാർസാഥി (CEIR) പോർട്ടൽ വഴി കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ആദ്യഘട്ടത്തിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് നാട്ടിലെത്തിയ ശേഷം ഒറ്റപ്പാലം പൊലീസ് മുഖേന വീണ്ടും രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഈ ഫോൺ കാനഡയിൽ വെച്ച് ഉത്തരേന്ത്യക്കാരനിൽ നിന്ന് പത്തനംതിട്ട സ്വദേശി പണം കൊടുത്ത് വാങ്ങിയതായിരുന്നു. തുടർന്ന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം ഈ ഫോണിൽ പുതിയ സിംകാർഡ് ഉപയോഗിച്ചതോടെ യഥാർത്ഥ ഉടമയ്ക്ക് സന്ദേശം ലഭിക്കുകയും, പൊലീസിന്റെ സഹായത്തോടെ ഫോൺ തിരികെ ലഭ്യമാവുകയും ചെയ്തു. ഒറ്റപ്പാലം സ്റ്റേഷിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ജോബി കുര്യാക്കോസിനായിരുന്നു ഈ അന്വേഷണത്തിന്റെ ചുമതല.







