അമേരിക്കയിലെ കലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം അതീവ ദാരുണവും മുൻകൂട്ടി പ്ലാൻ ചെയ്തതുമാണെന്ന് വ്യക്തമാക്കുന്ന പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മൂന്നിലവ് സ്വദേശിയായ അഖിൽ എന്ന പ്രതി ആയുധമുപയോഗിച്ച് അതിക്രൂരമായാണ് ആക്രമണം നടത്തിയതെന്ന് പൊലീസിന്റെ വിവരങ്ങളിൽ പറയുന്നു. കൊല്ലപ്പെട്ട തിരുവനന്തപുരം സ്വദേശിനി ആൻ മേരി മാത്യുവിന്റെ ഭൗതികശരീരം സാൻഫ്രാൻസിസ്കോയിലെ പള്ളിയിൽ പൊതുദർശനത്തിന് വെക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. തൃശൂർ സ്വദേശിനി അഞ്ജന ഹരിയുടെ മൃതദേഹം വിരലടയാള പരിശോധനകൾക്ക് ശേഷം ഫ്യൂണറൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
ഇരുവരുടെയും മൃതദേഹങ്ങൾ എത്രയും വേഗം ജന്മനാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബന്ധുക്കൾ. മരണ സർട്ടിഫിക്കറ്റ്, എംബാം ചെയ്തതിന്റെ രേഖകൾ, പകര്ച്ചവ്യാധി വിമുക്ത സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് തുടങ്ങിയ അത്യാവശ്യ രേഖകൾ ഭരണകൂടത്തിൽ നിന്ന് ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനസർവീസുകൾ വഴി മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനായുള്ള എല്ലാ ഔദ്യോഗിക പേപ്പറുകളും ലഭിച്ചതിനുശേഷം മാത്രമേ ബന്ധുക്കളും നാട്ടിലേക്ക് യാത്ര തിരിക്കുകയുള്ളൂ.







