ബ്രിട്ടീഷ് കൊളംബിയയിലെ ‘ടെമ്പററി റൂറൽ/റിമോട്ട് ഹെൽത്ത് സപ്പോർട്ട് ഇനിഷ്യേറ്റീവ്’ (TRHSI) രജിസ്ട്രേഷൻ തീയതി ഒക്ടോബർ 7 അർദ്ധരാത്രി വരെ നീട്ടി. പ്രവിശ്യയിലെ ഹെൽത്ത് അതോറിറ്റികളിൽ ക്ലീനിംഗ്, സെക്യൂരിറ്റി വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള താൽക്കാലിക പാത്ത് വേയാണ് TRHSI. TRHSI യുടെ രജിസ്ട്രേഷൻ ഓഗസ്റ്റ് 31-ന് അവസാനിക്കാനിരിക്കെയാണ് ബ്രിട്ടീഷ് കൊളംബിയ സർക്കാരിന്റെ പുതിയ തീരുമാനം. പ്രവിശ്യയിലുണ്ടായ കാട്ടുതീ മൂലം മേഖലയിലുണ്ടായ പ്രതിസന്ധികളും തടസ്സങ്ങളും കണക്കിലെടുത്താണ് ഈ ആശ്വാസ നടപടി.
TRHSI- പ്രോഗ്രാമിലൂടെ യോഗ്യരായ 250 ജീവനക്കാരെയാണ് ബി.സി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) വഴി ഇൻവിറ്റേഷൻ ലഭിക്കുക. ജൂൺ 15-ന് ആരംഭിച്ച രജിസ്ട്രേഷൻ വഴി ഇതുവരെ ജാനിറ്റേഴ്സ്, കെയർടേക്കർമാർ, ലൈറ്റ് & ഹെവി ഡ്യൂട്ടി ക്ലീനർമാർ, സെക്യൂരിറ്റി ഗാർഡുകൾ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്ന 60 പേർക്ക് പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ ലഭിച്ചു. മെട്രോ വാൻകൂവർ, സെൻട്രൽ ഒക്കനാഗൻ, ക്യാപിറ്റൽ റീജിയണൽ ഡിസ്ട്രിക്റ്റ് (ഗാലിയാനോ, മേയ്ൻ, പെൻഡർ, സാൾട്ട് സ്പ്രിംഗ്, സാറ്റുർണ എന്നീ ദ്വീപുകളിലെ ഒഴിവുകൾ ഒഴികെ) ഒഴികെയുള്ള ഗ്രാമീണ അല്ലെങ്കിൽ വിദൂര പ്രദേശങ്ങളിലെ ഹെൽത്ത് അതോറിറ്റികളിലെ ജീവനക്കാർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. അപേക്ഷകർ ബി.സിയിലെ എട്ട് പൊതുജനാരോഗ്യ അതോറിറ്റികളിൽ ഏതെങ്കിലും ഒന്നിൽ കുറഞ്ഞത് ഒൻപത് മാസത്തെ ഫുൾടൈം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ ഹൈസ്കൂൾ ഡിപ്ലോമ, നിശ്ചിത കുറഞ്ഞ വരുമാന പരിധി, സ്കിൽഡ് ഇമിഗ്രേഷന്റെ മറ്റ് ജനറൽ യോഗ്യതകൾ എന്നിവയും പൂർത്തിയാക്കേണ്ടതുണ്ട്. ഫ്രേസർ ഹെൽത്ത്, ഇൻ്റീരിയർ ഹെൽത്ത്, നോർത്തേൺ ഹെൽത്ത് ഉൾപ്പെടെയുള്ള അതോറിറ്റികളുടെ പിന്തുണയോടെ നോമിനേഷൻ ലഭിക്കുന്നവർക്ക് പിന്നീട് ഫെഡറൽ സർക്കാർ വഴി പി.ആറിനായി അപേക്ഷിക്കാം.







