സിറ്റിയിൽ നിന്നും കാണാതായ 11 വയസ്സുകാരനായ പാർക്കറിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി കാൽഗറി പോലീസ് അറിയിച്ചു. സംസാരശേഷിയില്ലാത്ത, ഓട്ടിസം ബാധിതനായ പാർക്കറിനെ 12 ദിവസം മുമ്പ് തോൺക്ലിഫ് മേഖലയിലെ ഡേകെയർ ഹോമിൽ നിന്നാണ് കാണാതായത്. നേരിട്ടുള്ള പ്രദേശിക പരിശോധനകൾ അവസാനിപ്പിച്ചെങ്കിലും കേസിൻ്റെ അന്വേഷണം സജീവമായി തുടരുമെന്ന് പോലീസ് ചീഫ് കാറ്റി മക്ലെലൻ വ്യക്തമാക്കി.
നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരും പ്രാദേശിക സന്നദ്ധപ്രവർത്തകരും രണ്ടു ആഴ്ചയോളം നീണ്ടുനിന്ന തിരച്ചിലിൽ പങ്കെടുത്തിരുന്നു. സിറ്റിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പരിശോധന പൂർത്തിയാക്കിയതോടെയാണ് തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇതുവരെ ശേഖരിച്ച തെളിവുകളുടെ വിശദമായ പരിശോധനയാണ് ഇനി നടക്കുക. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും പുതിയ സൂചനകളും അടിസ്ഥാനമാക്കി അന്വേഷണം തുടരും. ആവശ്യമെങ്കിൽ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ പുനരാരംഭിക്കും. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.







