പ്രമുഖ അന്താരാഷ്ട്ര കായിക മാധ്യമ ശൃംഖലയായ ESPN-ന്റെ ജനപ്രിയ അവതാരകരിൽ ഒരാളായ കാൾ റെവിച്ച് (Karl Ravech) സ്ഥാപനത്തിൽ നിന്ന് പടികളിറങ്ങുന്നു. 1993 മേയ് മാസത്തിൽ ‘സ്പോർട്സ് സെന്റർ’ (SportsCenter) ആങ്കറായി നെറ്റ്വർക്കിൽ ചേർന്ന അദ്ദേഹം, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷമാണ് ഇപ്പോൾ സ്ഥാപനവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.
തിങ്കളാഴ്ച രാത്രി നടന്ന ഫിലഡൽഫിയ ഫില്ലീസ് – ലോസ് ആഞ്ചലസ് ഡൊഡ്ജർസ് (Phillies vs. Dodgers) മേജർ ലീഗ് ബേസ്ബോൾ മത്സരത്തിലെ തത്സമയ വിവരണമായിരുന്നു ESPN-ന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അവസാന അവതരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട കരിയറിൽ ‘ബേസ്ബോൾ ടുനൈറ്റ്’ ഷോയുടെ മുഖ്യ അവതാരകനായും സൺഡേ നൈറ്റ് ബേസ്ബോൾ, ലിറ്റിൽ ലീഗ് വേൾഡ് സീരീസ് എന്നിവയുടെ പ്രമുഖ കമന്റേറ്ററായും അദ്ദേഹം കായിക പ്രേമികളുടെ മനംകവർന്നു.
സ്ഥാപനത്തിലെ ചെലവ് ചുരുക്കലിന്റെയും മാധ്യമ രംഗത്തുണ്ടാകുന്ന പുനഃസംഘടനകളുടെയും ഭാഗമായി ESPN നടപ്പിലാക്കുന്ന ജീവനക്കാരുടെ പിരിച്ചുവിടലിന്റെ തുടർച്ചയായാണ് ഈ മുതിർന്ന അവതാരകന്റെയും വിടവാങ്ങൽ എന്നാണ് വിവരങ്ങൾ നൽകുന്ന സൂചന.







