ഹ്യൂസ്റ്റണിൽ നടക്കുന്ന ഫോമാ ഇന്‍റർനാഷണൽ കൺവെൻഷനിൽ വിപുലമായ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നു. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലായി നടക്കുന്ന കൺവെൻഷനിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) രാവിലെ 8.00 മുതൽ 11.00 വരെ നടക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, ആരോഗ്യബോധവൽക്കരണം എന്നിവ ലക്ഷ്യമിട്ട് എല്ലാ പ്രായത്തിലുമുള്ളവർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
ഹ്യൂസ്റ്റണിലെ ആരോഗ്യ-മാധ്യമ രംഗങ്ങളിൽ സജീവ സാന്നിധ്യവും മികച്ച സംഘാടകയുമായ ഡോ. റെയ്‌ന റോക്ക് ചെയർപേഴ്സണായ മെഡിക്കൽ സെഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. ഹെൽത്ത് ഫെയറിന്‍റെ ഭാഗമായി രക്തദാന ക്യാമ്പും ബ്ലഡ് സ്റ്റം സെൽ രജിസ്ട്രേഷൻ ഡ്രൈവും സംഘടിപ്പിച്ചിട്ടുണ്ട്. ജീവൻ രക്ഷിക്കാൻ സഹായകമായ ഈ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പൊതുജനങ്ങൾക്കായി വിവിധ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി സി.പി.ആർ. പരിശീലനം, പ്രമേഹവും ഹൃദയാരോഗ്യവും സംബന്ധിച്ച ബോധവൽക്കരണം, പകർച്ചവ്യാധികളെക്കുറിച്ചുള്ള അവബോധം, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള നിർദേശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഹെൽത്ത് ടോക്കുകളിൽ കാൻസർ പ്രതിരോധം, സ്ട്രോക്ക് അവബോധം, മാനസികാരോഗ്യം, കുട്ടികളുടെ ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും സംവാദങ്ങളും നടക്കും.







