കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മാനിറ്റോബയിലെ പാർക്ക്ലാൻഡ് മേഖലയിലെ ജനങ്ങൾ ദുരിതത്തിലായി. ഡോഫിൻ, സ്വാൻ റിവർ തുടങ്ങിയ മേഖലകളിൽ സ്ഥിതി അതീവ ഗുരുതരമാണ്. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ഈ മേഖലയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ ഭരണകൂടങ്ങൾക്ക് അടിയന്തര സഹായമായി 5 മില്യൺ ഡോളർ ദുരന്ത നിവാരണ ഫണ്ട് അനുവദിച്ചിട്ടുണ്ട്..
കനത്ത മഴയിൽ വെർമില്യൺ നദി കരകവിഞ്ഞൊഴുകിയതോടെ ഡോഫിൻ റീജിയണൽ ഹെൽത്ത് സെന്ററിലെ 58 രോഗികളെ മറ്റു നഗരങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. വെള്ളപ്പൊക്കം രൂക്ഷമായതോടെ സ്വാൻ റിവർ മേഖലയിൽ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. പ്രധാന ഹൈവേകളിലും റോഡുകളിലും വെള്ളം കയറിയതോടെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പ്രീമിയർ വാബ് കിന്യൂ അഭ്യർത്ഥിച്ചു. അടിയന്തര മെഡിക്കൽ സഹായം ആവശ്യമുള്ളവർ 911-ൽ വിളിക്കണമെന്നും, ആവശ്യമെങ്കിൽ ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ സഹായം എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.







