newsroom@amcainnews.com

കാനഡയിൽ പ്രവാസി വോട്ട് കുത്തനെ കുറയുന്നു: വോട്ടിംഗ് രീതി പരിഷ്‌കരിക്കാൻ സമ്മർദ്ദം

കാനഡയിലെ പൊതുതിരഞ്ഞെടുപ്പുകളിൽ വിദേശത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാരുടെ വോട്ടുകൾ പാഴാകുന്നതായി റിപ്പോർട്ട്. നിലവിലെ വോട്ടിംഗ് രീതിയിലെ പോരായ്മകളും സാങ്കേതിക തടസ്സങ്ങളുമാണ് പ്രവാസി വോട്ടുകൾ കുറയാൻ പ്രധാന കാരണമെന്നും ഇത് പരിഹരിക്കാൻ പുതിയ രീതികൾ അവലംബിക്കണമെന്നും ആവശ്യമുയരുന്നു. തപാൽ വോട്ടുകളെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി, എംബസികൾ വഴിയോ ഓൺലൈൻ വഴിയോ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

കാനഡയ്ക്ക് പുറത്ത് ഏകദേശം 50 ലക്ഷത്തോളം പൗരന്മാർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 35 ലക്ഷത്തോളം പേർക്ക് വോട്ടവകാശമുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഈ വലിയ വിഭാഗത്തിന്റെ വോട്ടിംഗ് ശതമാനം നിലവിൽ ഒറ്റ അക്കത്തിൽ ഒതുങ്ങുകയാണ്. വിദേശത്തുള്ള ലിബറൽ വോട്ടർമാരുടെ കൂട്ടായ്മയായ ‘ഗ്രിറ്റ്‌സ് എബ്രോഡ്’ (Grits Abroad) ഡയറക്ടർ തിമോത്തി വീൽ ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. വോട്ടിംഗ് പ്രക്രിയയിലെ സങ്കീർണ്ണതയും സമയക്കുറവുമാണ് പൗരന്മാരെ പോളിംഗിൽ നിന്ന് മാറ്റി നിർത്തുന്നതെന്നും തിമോത്തി പറയുന്നു.

നിലവിൽ വിദേശത്തുള്ളവർക്ക് തപാൽ വഴി (Mail-in Ballot) മാത്രമേ വോട്ട് രേഖപ്പെടുത്താൻ സാധിക്കൂ. 37 ദിവസം മാത്രം ദൈർഘ്യമുള്ള തിരഞ്ഞെടുപ്പ് കാലയളവിനുള്ളിൽ വോട്ടിനായി അപേക്ഷിക്കുകയും ബാലറ്റ് പേപ്പർ കൈപ്പറ്റി അത് തിരികെ അയക്കുകയും വേണം. പല രാജ്യങ്ങളിലെയും തപാൽ സംവിധാനങ്ങളുടെ പോരായ്മകൾ കാരണം കൃത്യസമയത്ത് വോട്ടുകൾ കാനഡയിൽ എത്തുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിദേശത്തുള്ള പൗരന്മാർക്കായി 1,01,690 വോട്ടിംഗ് കിറ്റുകൾ വിതരണം ചെയ്തെങ്കിലും 57,440 എണ്ണം മാത്രമാണ് കൃത്യസമയത്ത് തിരികെ ലഭിച്ചത്. ഇരുപതിനായിരത്തിലധികം ബാലറ്റുകൾ വൈകി എത്തിയതിനാൽ എണ്ണാൻ സാധിച്ചില്ലെന്നും ഇലക്ഷൻസ് കാനഡ വ്യക്തമാക്കുന്നു.

അതേസമയം പ്രവാസി വോട്ടർമാരുടെ പരാതികൾക്കിടെ വോട്ടിംഗ് രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ആലോചനയിലാണ് ഇലക്ഷൻസ് കാനഡ. തിരഞ്ഞെടുപ്പ് കാലയളവ് ദീർഘിപ്പിക്കുന്നത് വോട്ടുകൾ കൃത്യസമയത്ത് തിരികെ ലഭിക്കാൻ സഹായിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ 37 മുതൽ 51 ദിവസം വരെയാണ് തിരഞ്ഞെടുപ്പ് കാലയളവ്. വോട്ടർ പട്ടികയിൽ നേരത്തെ പേര് രജിസ്റ്റർ ചെയ്തവരിൽ വോട്ടിംഗ് ശതമാനം കൂടുതലാണെന്നും അതിനാൽ പൗരന്മാർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും ഇലക്ഷൻസ് കാനഡ വക്താവ് മാത്യു മക്കെന്ന അറിയിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രവാസി പങ്കാളിത്തം ഉറപ്പാക്കാൻ കൂടുതൽ വിപുലമായ പ്രചാരണ പരിപാടികൾ നടത്താനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്.

You might also like

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

Top Picks for You
Top Picks for You