ന്യൂയോര്‍ക്ക് സിറ്റിയില്‍ ‘ലീജനേഴ്‌സ്’ രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചു. 58 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞയാഴ്ച 22 കേസുകള്‍ ഉണ്ടായിരുന്നത് ഒരാഴ്ചക്കുള്ളില്‍ ഇരട്ടിയായി വര്‍ധിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
50 വയസ്സിന് മുകളിലുള്ളവര്‍, പുകവലിക്കുന്നവര്‍, ശ്വാസകോശ രോഗങ്ങളുള്ളവര്‍ എന്നിവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. മിഷേല്‍ മോര്‍സെ പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയുടെ തീവ്രരൂപമാണ് ലീജനേഴ്‌സ് രോഗം. ‘ലിജിയോനെല്ല’ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ബാക്ടീരിയയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് രണ്ടുമുതല്‍ പത്തുദിവസത്തിനുള്ളിലാണ് രോഗം സ്ഥിരീകരിക്കുക. തലവേദ?ന, പേശീവേദന, തീവ്രമായ പനി, ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ഓക്കാനം, ഛര്‍??ദി, വയറിളക്കം, മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍.