ഗാസയിലെ പലസ്തീനികൾക്ക് സഹായമെത്തിക്കാൻ 10,000 കിലോഗ്രാം സാധനങ്ങൾ ആകാശമാർഗം താഴെയിട്ട് കനേഡിയൻ വിമാനങ്ങൾ. കനേഡിയൻ സേനയുടെ CC-130J ഹെർക്കുലീസ് വിമാനമാണ് ദൗത്യം നിർവഹിച്ചതെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദും പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിൻ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഹമാസ് ആവശ്യവസ്തുക്കൾ വിറ്റ് പണം കണ്ടെത്തുന്നുവെന്ന് ആരോപിച്ച് ഇസ്രയേൽ മാർച്ച് മാസം മുതൽ ഗാസയിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയർന്നപ്പോൾ ഇസ്രയേൽ ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി.
അതേസമയം, ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി മുന്നറിയിപ്പ് നൽകി. ഗാസയിലെ ദുരന്തം അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും, സമാധാനം പുനഃസ്ഥാപിക്കാൻ കാനഡ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് ശ്രമിക്കുമെന്നും കാർണി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഗാസയിലേക്കുള്ള സഹായങ്ങൾ തടസ്സപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഇത് ഉടൻ അവസാനിപ്പിക്കണമെന്നും കാനഡ ആവശ്യപ്പെട്ടു. അതേസമയം, പലസ്തീൻ അതോറിറ്റിയിൽ പരിഷ്കാരങ്ങൾ വരുത്തുകയും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുക എന്ന വ്യവസ്ഥയിൽ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ കാനഡ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.