മോസ്കോ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണശാലയിൽ വൻ തീപിടിത്തം. യുക്രെയ്ന്റെ ഡ്രോൺ എണ്ണ സംഭരണശാലയിലെ കൂറ്റൻ ഇന്ധന ടാങ്കുകളിലൊന്നിൽ പതിച്ചതായും ഇതാണ് തീപിടിത്തത്തിനു കാരണമായതെന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീ നിയന്ത്രണ വിധേയമാക്കാനായി നൂറിലേറെ അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് റീജിയനൽ ഗവർണർ വെന്യാമിൻ കോന്ദ്രോതിയേവ് പറഞ്ഞു.
2000 ക്യൂബിക് മീറ്റർ സംഭരണശേഷിയുള്ള ഇന്ധന ടാങ്കിനാണ് തീപിടിച്ചത്. അപകടത്തിനു പിന്നാലെ സോച്ചിയിലെ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. റയാസാൻ, പെൻസ തുടങ്ങിയ നഗരങ്ങൾ ലക്ഷ്യമിട്ടും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായാണ് റഷ്യ ആരോപിക്കുന്നത്.
യുക്രെയ്ൻ കഴിഞ്ഞരാത്രി മുതൽ തൊടുത്തുവിട്ട 93 ഡ്രോണുകൾ പ്രതിരോധിച്ചതായി റഷ്യ അവകാശപ്പെടുന്നു. ഇതിൽ 60 എണ്ണവും തടുത്തത് കരിങ്കടലിനു മുകളിൽവച്ചാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, മികോലെയ്‌വിൽ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ ഏഴു പേർക്ക് പരുക്കേറ്റതായാണ് യുക്രെയ്ൻ ആരോപിക്കുന്നത്. മിസൈൽ ആക്രമണത്തിൽ വീടുകളടക്കം തകർന്നതായും റഷ്യ തുടർച്ചയായി ആക്രമണം നടത്തിയെന്നും യുക്രെയ്ൻ പറയുന്നു.