പുണെ: ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച ജീവനക്കാരന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്ലീപ്പിങ് ബാഗിനുള്ളിൽ കിടന്നുറങ്ങുകയാണിയാൾ. ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമല്ല. ദുരവസ്ഥ വിവരിച്ചുകൊണ്ടുള്ള കത്ത് ജീവനക്കാരൻ സമീപത്തായി വച്ചിട്ടുണ്ട്.
ശമ്പളം ലഭിക്കാത്തതിനാൽ ജൂലൈ 29 മുതൽ ഓഫീസിനു പുറത്ത് ഉറങ്ങാൻ നിർബന്ധിതനാവുകയായിരുന്നു എന്നാണ് കത്തിൽ എഴുതിയിട്ടുള്ളത്. നിലവിൽ ജീവിക്കാൻ കൈയ്യിൽ ഒരു രൂപ പോലുമില്ലെന്നും കത്തിൽ പറയുന്നു. കമ്പനിയുടെ എച്ച്ആർ വിഭാഗവുമായി താൻ സംസാരിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലെന്നും ആരോപണമുണ്ട്. കത്തിലെ മറ്റു വിവരങ്ങൾ ലഭ്യമല്ല.
ജീവനക്കാരന്റെ ചിത്രം സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ വലിയ ചർച്ചകൾക്കു തുടക്കമിട്ടിരിക്കുകയാണ്. നിരവധി പേരാണ് ഇയാളെ പിന്തുണച്ചു രംഗത്തെത്തുന്നത്. കമ്പനിക്കെതിരെ നിയമപരമായി നീങ്ങണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങളിൽ തൊഴിൽ മന്ത്രാലയം ഇടപെടേണ്ടതിൻറെ ആവശ്യകതയും ചിലർ ചൂണ്ടിക്കാട്ടി.