ഓട്ടവ: രാജ്യത്ത് കുടിയേറ്റക്കാർ കൂടുതലാണെന്നാണ് മിക്ക കനേഡിയൻമാരും കരുതുന്നതെന്ന് പുതിയ സർവ്വെ. രാജ്യത്ത് കുടിയേറ്റക്കാരായി എത്തുന്നവരെ പലരും വിശ്വസിക്കുന്നില്ല എന്നും പുതിയ പോൾ കാണിക്കുന്നു. 57 ശതമാനം കുടിയേറ്റക്കാർക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്. അസോസിയേഷൻ ഫോർ കനേഡിയൻ സ്റ്റഡീസിനും മെട്രോപോളിസ് ഇൻസ്റ്റിറ്റ്യൂട്ടിനുമായി ചേർന്നാണ് സർവ്വ നടത്തിയത്.
രാജ്യം നിലവിൽ വളരെയധികം കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുന്നുണ്ടെന്നാണ് 62 ശതമാനം ആളുകളും കരുതുന്നത്.
2025 മാർച്ചിലെ സർവ്വെയിൽ ഉണ്ടായതിനേക്കാൾ നാല് ശതമാനം പോയിന്റുകളുടെ വർദ്ധനവാണിത്. ആറ് വർഷം മുൻപത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയിലധികമാണ്. 20 ശതമാനം പേർ മാത്രമാണ് കുടിയേറ്റത്തിൻ്റെ തോത് കൂടുതലല്ലെന്ന അഭിപ്രായമുള്ളത്.
കുടിയേറ്റക്കാരെ വിശ്വസിക്കാൻ കഴിയുമോ എന്ന ചോദ്യവും സർവ്വെയിൽ ഉണ്ടായിരുന്നു. കുടിയേറ്റക്കാരെ വിശ്വസിക്കാൻ കഴിയുമെന്ന് 42 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ വിശ്വസിക്കാൻ കഴിയില്ലെന്ന് 20 ശതമാനം പേരും അഭിപ്രായപ്പെട്ടു. അഭയാർത്ഥികളെ വിശ്വസിക്കാൻ കഴിയില്ലെന്ന് 23 ശതമാനം പേരും പറഞ്ഞതായി പോൾ കണ്ടെത്തി.